ആര്‍ത്തി കൂടി: വിജിലന്‍സിന്‍റെ കെണിയില്‍ സി. ഐ കുടുങ്ങി

കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് യുവാവിനെ തിരികെ വീട്ടില്‍ കയറ്റി താമസിപ്പിക്കാന്‍ നടപടിയെടുക്കാമെന്നുമായിരുന്നു സുദീപിന്റെ ഉറപ്പ്.

ആര്‍ത്തി കൂടി: വിജിലന്‍സിന്‍റെ കെണിയില്‍ സി. ഐ കുടുങ്ങി

ചെറുതായിട്ട് ഒന്ന് വെടി വച്ചെന്ന് പറയുമ്പോലെ ചെറിയ ഒരു തുക കൈക്കൂലിയായി വാങ്ങി. കെണിയില്‍പ്പെട്ടത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും. പൊലീസ് കേസ് ഒതുക്കിക്കൊടുക്കാമെന്ന് പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്. മുണ്ടക്കയം എസ്.എച്ച്.ഒ. ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടില്‍ വി.ഷിബുകുമാര്‍ (46), ക്യാന്‍റീന്‍  കരാറുകാരന്‍ മുണ്ടക്കയം വട്ടോത്തുകുന്നേല്‍ സുദീപ് ജോസ് (39) എന്നിവരെയാണു വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസില്‍നിന്നു മകനെ ഒഴിവാക്കുന്നതിനായി അര ലക്ഷം രൂപയാണു സി.ഐ കൈക്കൂലിയായി വാങ്ങിയത്.

മുണ്ടക്കയം ഇളംകാട് സ്വദേശിയും ഇയാളുടെ അച്ഛനും അമ്മയും തമ്മില്‍ കുടുംബ പ്രശ്നം നിലവിലുണ്ടായിരുന്നു. അച്ഛനും സഹോദരനും താഴത്തെ നിലയിലും അമ്മയും യുവാവും രണ്ടാം നിലയിലുമാണു കഴിഞ്ഞിരുന്നത്. രണ്ടു മാസം മുന്‍പ് വീട്ടിലെത്തിയ യുവാവിനെ അച്ഛന്‍ ആക്രമിച്ചു. അച്ഛനെ ഇയാള്‍ തിരിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെതിരെ വധ ശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നു, ഇയാള്‍ െഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി. സ്റ്റേഷനില്‍ ചെന്ന് ദിവസവും ഒപ്പിടമെന്നും നിര്‍ദേശമുണ്ടായിരുന്നു. ദിവസവും സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ക്യാന്റീന്‍ കരാറുകാരന്‍ സുദീപ് യുവാവുമായി സംസാരിക്കുകയും തുടര്‍ന്നു സി.ഐയുമായി ധാരണയുണ്ടാക്കി.

കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് യുവാവിനെ തിരികെ വീട്ടില്‍ കയറ്റി താമസിപ്പിക്കാന്‍ നടപടിയെടുക്കാമെന്നുമായിരുന്നു സുദീപിന്റെ ഉറപ്പ്. ഇതിനായി ഒന്നര ലക്ഷം രൂപയാണു കൈക്കൂലിയായി ഇയാള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കിയാല്‍ കേസ് ഒതുക്കാമെന്നു ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി യുവാവു സി.ഐയുടെ ക്വാര്‍ട്ടേഴ്സില്‍ എത്തുകയായിരുന്നു. തുടര്‍ന്നു, സുദീപിന്റെ െകെവശം പണം യുവാവു കൊടുത്തു വിട്ടു.സുദീപ് പണം സി.ഐയ്ക്കു കൈ മാറിയതിനു പിന്നാലെ വിജിലന്‍സ് സംഘം വീടിനുള്ളില്‍ കയറി ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.