വിവാദ പരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരെ പ്രാഥമികാന്വേഷണം

സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.

വിവാദ പരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരെ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയായാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്. മന്ത്രിയുടെ പ്രസംഗം പരിശോധിക്കാൻ വേണ്ടി തിരുവല്ല ഡി.വൈ.എസ്.പിയെ ആണ് ചുമതലപ്പെടുത്തി യിരിക്കുന്നത്. പ്രസംഗത്തിൽ ഭരണഘടനയെ അഹവേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും.

പ്രസംഗം പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിക്കെതിരെ തടർനടപടികൾ. ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള മന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ നിയമസഭയിൽ മന്ത്രി ഖേദപ്രകടനം നടത്തി.

മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കാനാണു പ്രതിപക്ഷ തീരുമാനം. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും പരസ്യമായി അവഹേളിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്കു നിവേദനം നൽകി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നൽകി. സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.