അടഞ്ഞു കിടന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയില്‍ കൊറോണ വൈറസ് എത്തിയതെങ്ങനെ ? 

അടഞ്ഞു കിടന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയില്‍ കൊറോണ വൈറസ് എത്തിയതെങ്ങനെ ? 

കൊറോണ വൈറസ് എങ്ങനെയാണ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കും ചില പ്രതലങ്ങളിലേക്കും പടരുന്നത് എന്നതിനെ പറ്റിയൊക്കെ ശാസ്ത്രലോകത്തിന് ഇന്ന് അറിവുണ്ട്. എന്നാല്‍ നാളുകളായി അടഞ്ഞു കിടന്ന അപ്പാര്‍ട്ട്മെന്റിന്റെ ശുചിമുറിയില്‍ കൊറോണ വൈറസ് എത്തുന്നത് എങ്ങനെയാകാം? ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കിയ ഈ ചോദ്യത്തിന്  ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

ചൈനയിലെ ഗ്വാങ്സൂവില്‍ ദീര്‍ഘനാളായി ആരും താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റിന്റെ ശുചിമുറി സിങ്കിലും ഫോസറ്റിലും ഷവര്‍ ഹാന്‍ഡിലിലുമാണ് ഫെബ്രുവരിയില്‍ സാര്‍സ് കോവ് 2 സാന്നിധ്യം കണ്ടത്. ഈ അപ്പാര്‍ട്ട്മെന്റിനു താഴത്തെ അപ്പാര്‍ട്ട്മെന്റിലെ അഞ്ച് പേര്‍ക്ക് ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ വൈറസ് അടങ്ങിയ കണികകള്‍ മുകളിലത്തെ ശുചിമുറിയിലേക്ക് എത്തിയതായാണ് ഗവേഷകര്‍ കരുതുന്നത്.

കോവിഡ് ബാധിതര്‍ താമസിച്ച അപ്പാര്‍ട്ട്മെന്റിന്റെ 10 മുതല്‍ 12 നില വരെ മുകളിലേക്ക് വൈറസിന് ഈ വിധം പോകാന്‍ സാധിക്കുമെന്ന്  ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെ ദഹനേന്ദ്രിയത്തെ അതിജീവിക്കാന്‍ ശേഷിയുള്ള കൊറോണ വൈറസിന് ടോയ്ലറ്റ് ഫ്ളഷിലൂടെയും പകരാന്‍ സാധിക്കുമെന്ന് ചൈനയിലെ യാങ്സൂ സര്‍വകലാശാലയിലെ ഗവേഷകര്‍ മുന്‍പ്  കണ്ടെത്തിയിരുന്നു. 

ടോയ്ലറ്റിലെ വിസര്‍ജ്ജ്യം ഫ്ളഷ് ചെയ്യുന്ന അവസരത്തില്‍ അതിലുണ്ടാകുന്ന വെള്ളത്തിന്റെയും വായുവിന്റെയും ശക്തമായ കലങ്ങിമറിച്ചിലിന് വൈറസ് കണികകളെ ശക്തമായി പുറന്തള്ളാന്‍ സാധിക്കുമെന്നായിരുന്നു പഠനറിപ്പോര്‍ട്ട്. ഇതേ കലങ്ങി മറിച്ചിലിന് ബന്ധിതമായ ഡ്രെയിനേജ് പൈപ്പിലൂടെ മറ്റ് നിലകളിലേക്കും വ്യാപിക്കാനാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹോങ്ങ് കോങ്ങിലെ അമോയ് ഗാര്‍ഡന്‍സ് എന്ന സ്വകാര്യ ഹൗസിങ്ങ് കോംപ്ലക്സില്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് സമാനമായ ഒരു രോഗപകര്‍ച്ച ഉണ്ടായിരുന്നു. 329 പേര്‍ക്കാണ് തകരാറിലായ സൂവിജ് പൈപ്പ്ലൈനുകള്‍ മൂലം സാര്‍സ് പടര്‍ന്നത്. 42 പേര്‍ ഇതില്‍ മരണപ്പെടുകയും ചെയ്തു.