പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ദമ്പതിമാര്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്ന ദമ്പതിമാര്‍ അറസ്റ്റില്‍.

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ദമ്പതിമാര്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്ന ദമ്പതിമാര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് കവര്‍ച്ച നടത്തുന്നത്.

13ന് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാര്‍ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി ബലമായി കാറില്‍ കയറ്റി. ശേഷം മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന ഒന്നേകാല്‍ പവന്റെ മാലയും ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. പെണ്‍കുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. 

ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ ഇതേ ദിവസം മറ്റൊരു പെണ്‍കുട്ടിയെ കൂടി സമാനമായ രീതിയില്‍ കവര്‍ച്ചയ്ക്കിരയാക്കിയതായി വിവരം ലഭിച്ചത്. വൈറ്റില ഹബ്ബില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിച്ച് 20,000 രൂപയാണ് കവര്‍ന്നത്. പിന്നീട് പെണ്‍കുട്ടിയെ റോഡില്‍ തള്ളിയ പ്രതികളെ എരൂര്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവര്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.