കണ്ണൂർ: സി.പി.എമ്മിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ദേയയായ ചിത്രലേഖയുടെ ഭർത്താവ് എം.ശ്രീഷ്കാന്തിന് ക്രൂര മർദ്ദനം. ഇടതു കാലിൻ്റെ എല്ലൊടിഞ്ഞ ശ്രീഷ്കാന്ത് ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ വൈകുന്നേന്നേരം കാട്ടാമ്പള്ളി കുതിരത്തടം റോഡിലെ വീട്ടിൽ വെച്ചാണ് സംഭവം,. സി.പിഎം പ്രവർത്തകനായ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ശ്രീഷ്കാന്ത് പറഞ്ഞു.
വാതിലിൽ മുട്ടിയ അക്രമിസംഘം തുറന്നയുടൻ കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവത്രെ. അടിയേറ്റ് ചോര വാർന്ന ശ്രീഷ്കാന്തിനെ നാട്ടുകാരാണ് ജില്ലാശുപത്രിയിലെത്തിച്ചത്. വീട്ടിൽ മറ്റു മൂന്നു പേർ കൂടിയുണ്ടായിരുന്നുവെങ്കിൽ ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ആറു മാസത്തെ പോരാട്ടത്തിനു ശേഷം ജനുവരി ഒന്നിനാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷക്കുണ്ടായിരുന്ന ടൗൺ പെർമിറ്റ് മകൾ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് മാറ്റിക്കിട്ടിയത്. അതിനു ശേഷം ചിത്രലേഖയുടെ ഫോട്ടോ ഓട്ടോയുടെ മുന്നിലും പിന്നിലും വീട്ടിനു മുന്നി'ലുമൊക്കെ പതിച്ചിരുന്നു. മാത്രമല്ല, ഇന്നലെ രാവിലെ ചിത്രലേഖ പോരാട്ടമാരംഭിച്ച പയ്യന്നൂരിലും എടാട്ടുമൊക്കെ ഈ ഓട്ടോയുമോടിച്ച് പോയിരുന്നു. ശ്രീഷ്കാന്താണ് ഓട്ടോറിക്ഷയോടിക്കുന്നത്. ചിത്രലേഖയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയുമായി ബന്ധപ്പെട്ട് എടാട്ടെ തറവാട് വീട്ടിന്റെയും അമ്മയുടെയുമൊക്കെ ഫോട്ടോകളെടുക്കാനും വിവര ശേഖരത്തിനുമൊക്കെയായിരുന്നു ഈ യാത്ര. ഇവിടെ നിന്ന് കാട്ടാമ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.
സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.