Monday, May 29, 2023
spot_img
HomeCrime Newsകാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍: ഭർത്താവിനായി പോലീസ് തിരച്ചിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍: ഭർത്താവിനായി പോലീസ് തിരച്ചിൽ

കട്ടപ്പന: മൂന്നു ദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ പി.ജെ.വത്സമ്മയുടെ (അനിമോള്‍-27) മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി.

സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസിൽ പരാതി നൽകി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹമാണ്.

കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല.

മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി. പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു.

പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഭര്‍ത്താവും യുവതിയുമായി കുടുംബപ്രശ്‌നം നിലനിന്നതായി സൂചനകളുണ്ട്. കട്ടപ്പന പോലീസ് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments