ന്യൂ ഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനുണ്ടായ പ്രതിസന്ധി രൂക്ഷമാവുന്നു. അദാനി പോര്‍ട്ട്‌സ്, അദാനി ഗ്രീന്‍ എന്നിവ പുറത്തിറക്കിയ ബോണ്ടുകളുടെ വില 30 ശതമാനത്തിലധികം ഇടിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, ബോണ്ടുകളുടെ മേൽ വായ്പ നൽകിയ സ്ഥാപനങ്ങൾ കൂടുതൽ ഈട് ആവശ്യപ്പെട്ടേക്കാം.
ക്രെഡിറ്റ് സ്വീസിന് പിന്നാലെ അദാനി കമ്പനികളുടെ ബോണ്ടുകൾക്ക് മേൽ വായ്പ നൽകുന്നത് സിറ്റിഗ്രൂപ്പും അവസാനിപ്പിച്ചു. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് സിറ്റിഗ്രൂപ്പ് അറിയിച്ചു.
ഓഹരി വിപണിയിലെ തിരിച്ചടിയെ തുടർന്ന് അദാനി എന്‍റർപ്രൈസസിന്‍റെ എഫ്പിഒ ഇന്നലെ അപ്രതീക്ഷിതമായി പിന്‍വലിച്ചിരുന്നു. ഓഹരികളുടെ ഇടിവിന്‍റെ പശ്ചാത്തലത്തിൽ എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാർമ്മികമായി ശരിയല്ലെന്ന് അദാനി എന്‍റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. 20,000 കോടി രൂപയുടെ എഫ്പിഒ പൂർണ്ണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. തീരുമാനം കമ്പനിയുടെ നിലവിലുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഗ്രൂപ്പിന്‍റെ ബാലൻസ് ഷീറ്റ് ശക്തമാണെന്നും അദാനി കൂട്ടിച്ചേർത്തു.