രാജ്യത്തെ ജയിലുകളിൽ നിലനിൽക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി സ്വാഗതം ചെയ്യുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പട്ടികജാതി – വർഗ വിഭാഗത്തിനും പിന്നാക്ക വിഭാഗം തടവുകാർക്കും താഴ്ന്ന ജോലി നൽകി വന്നിരുന്ന സംവിധാനം കോടതി വിധിയോടെ അവസാനിക്കുന്നത് ശുഭ പ്രതീക്ഷ നൽകുന്നതാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
സർവമേഖലകളിലും നടമാടുന്ന ജാതിയുടെ പേരിലുള്ള വിവേചനം മനുഷ്യത്വരഹിതമാണെന്ന സമീപനമാണ് പാർട്ടി എല്ലാകാലവും സ്വീകരിച്ചുവരുന്നത്. സവർണ വിഭാഗത്തിന് ജയിലുകളിൽ ഉയർന്നതലത്തിലുള്ള തൊഴിലും മറ്റുള്ള വർക്ക് താഴ്ന്ന ജോലിയും നൽകുന്നത് ജനാധിപത്യ ഭരണ സംവിധാനത്തിൽ ഭൂഷണമല്ല. ഭരണഘടനാ വിരുദ്ധമായ അപരിഷ്കൃത സംവിധാനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പരമോന്നത കോടതിയുടെ ഉത്തരവ് അധികാരികൾ പാലിക്കണം.
പൊലീസ് – ജയിൽ – നിയമ സംവിധാനം എന്നിവയുടെ ഏകോപനം വഴി ജയിലുകളിൽ നടമാടിയിരുന്ന കാടൻ സമ്പ്രദായം അവസാനിപ്പിക്കാനുള്ള സത്വര നടപടി വേണമെന്നും രാജ ആവശ്യപ്പെട്ടു.