കടബാധ്യത: തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി

വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനില്‍ ശ്രീകാന്തിനെ ( അഭിലാഷ് -36) ആണ് പണി പൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

കടബാധ്യത: തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി

തിരുവനന്തപുരം: മലയിന്‍കീഴില്‍ കടബാധ്യത താങ്ങാനാവാതെ യുവ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനില്‍ ശ്രീകാന്തിനെ ( അഭിലാഷ് -36) ആണ് പണി പൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വായ്പ എടുത്തും പലരില്‍ നിന്ന് കടം വാങ്ങിയുമാണ് ഇദ്ദേഹം പശുക്കളെ സ്വന്തമാക്കി ജീവനോപാധിയായി പരിപാലിച്ചിരുന്നത്. 

ഇതിനിടെ രോഗം ബാധിച്ച് അഞ്ചോളം പശുക്കള്‍ പലപ്പോഴായി ചത്തത് തിരിച്ചടിയായി. ഇവയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തിരുന്നില്ല. 3 പശുക്കളാണ് ശേഷിക്കുന്നത്. നാട്ടിലെ വീടുകളില്‍ പശുക്കളുടെ പാല്‍ കറക്കാന്‍ പോയിരുന്നെങ്കിലും കോവിഡ് വന്നതോടെ മുടങ്ങി. പലരും പ്രതിസന്ധികാരണം പശുക്കളെ വിറ്റതിലൂടെ ശ്രീകാന്തിനു ജോലി നഷ്ടമായി. പാട്ടത്തിന് ഭൂമിയെടുത്ത് മരച്ചീനി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തിരെങ്കിലും മഴയില്‍ വന്‍നാശനഷ്ടം ആണ് നേരിടേണ്ടി വന്നത്. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് പിടിച്ചു നിന്നത്. 

2 കിടപ്പുമുറിയും ഹാളും അടുക്കളയും മാത്രമുള്ള പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ കഴിഞ്ഞ 11ന് ആണ് ശ്രീകാന്തും കുടുംബവും താമസം തുടങ്ങിയത്. വാടക വീട്ടിലായിരുന്നു അതുവരെ താമസം. എന്നാല്‍ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ പകുതി പണി പോലും തീരാത്ത പുതിയ വീട്ടിലേക്ക് താമസം മാറി. ബന്ധുക്കള്‍ മാത്രമുള്ള ചെറിയ ഗൃഹപ്രവേശനച്ചടങ്ങ്.

കൃത്യം രണ്ടാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച പകല്‍ അതേ വീട്ടിലെ കിടപ്പു മുറിയില്‍ ശ്രീകാന്ത് ജീവനൊടുക്കി. ബാങ്കില്‍ നിന്ന് വായ്പ എടുത്തും കടം വാങ്ങിയുമാണ് ചെറുതെങ്കിലും ഒരു വീടു വയ്ക്കാന്‍ ശ്രീകാന്ത് മുന്നിട്ടിറങ്ങിയത്. വീട് വയ്ക്കാന്‍ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി. 10 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ഉള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഭാര്യ : സൗമ്യ . മക്കള്‍ : കാശിനാഥ് (8), കാര്‍ത്തിക് (4).