തിരുവനന്തപുരം- 2022-23 വര്‍ഷത്തെ റേഷന്‍ വിതരണം സംബന്ധിച്ച ഡാറ്റയിലെ പൊരുത്തക്കേട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂല തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര ഐ.എ.എസ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന് ഉറപ്പ് നൽകി.
സഞ്ജീവ് ചോപ്ര ഐ.എ.എസ്, ജെസിന്ത ലസാറസ് ഐ.എ.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (സൗത്ത്) ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സി.പി. സഹാറന്‍ ജനറല്‍ മാനേജര്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി സെക്രട്ടേറിയറ്റിലെ ചേമ്പറില്‍ കൂടിക്കാഴ്ച നടന്നിരുന്നു. സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണം, നെല്ല് സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.
സംസ്ഥാന പോര്‍ട്ടലിലെ ഡാറ്റ കേന്ദ്ര സര്‍ക്കാരിൻ്റെ അന്നവിതരൻ പോര്‍ട്ടലുമായി പൊരുത്തപ്പെടുന്നുവെങ്കിലും സെന്‍ട്രല്‍ ഡപ്പോസിറ്ററിയിലെ (IMPDS പോര്‍ട്ടല്‍) ഡാറ്റയുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പ്രസ്തുത പൊതുത്തക്കേട് ഉണ്ടാകുന്നതിനുള്ള കാരണം കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കേരള - ഹൈദരാബാദ് എൻ.ഐ.സി ടീമുകളുടെ സാങ്കേതിക പിഴവും ഡാറ്റാ കൈമാറുന്നതിലെ കാലതാമസവുമാണ് . പ്രസതുത ഇനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും 221.52 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുവാനുമുണ്ട്. ഇതിന്‍മേല്‍ അനുകൂല തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
അതു പോലെ, കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ല് അരിയാക്കി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിന് കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് ആണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കുറഞ്ഞ അളവിലാണ് സി.എം.ആര്‍ വിതരണം ചെയ്യുവാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനാല്‍ മില്ലുകളില്‍ സി.എം.ആര്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായി. പ്രസ്തുത വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 ഓടുകൂടി ഈ പ്രക്രിയ പൂര്‍ത്തീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 30 വരെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സെക്രട്ടറി അറിയിച്ചു.
2017-18 മുതല്‍ 2023-24 വരെയുള്ള കാലയളവിലെ നെല്ല് സംഭരണം ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നീ ഇനങ്ങളിലായി സംസ്ഥാനത്തിന് ലഭിക്കുവാനുള്ള 900 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്ര സെക്രട്ടറിയോട് മന്ത്രി അവശ്യപ്പെട്ടു. ഇക്കാര്യവും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
അന്നപൂര്‍ണ്ണ പദ്ധതി കേരളത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യവും കേന്ദ്ര സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മുകുന്ദ് ഠാക്കൂര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.