ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുളള ഓട്ടോ പേയ്മെന്‍റ് നാളെ മുതല്‍  തടസപെടും

തുടര്‍ച്ചയായി ഇത്തരം പേയ്മെന്റുകള്‍ ഓട്ടോ പേയായി ചെയ്യുമ്പോള്‍ അധിക സുരക്ഷാ പാളി ഏര്‍പ്പെടുത്തണമെന്ന ആര്‍ ബി ഐ നിര്‍ദേശമാണ് ഇതിന് കാരണം.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുളള ഓട്ടോ പേയ്മെന്‍റ് നാളെ മുതല്‍  തടസപെടും

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ പേ ആയി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഇതിന് തടസം നേരിട്ടേക്കാം. തുടര്‍ച്ചയായി ഇത്തരം പേയ്മെന്റുകള്‍ ഓട്ടോ പേയായി ചെയ്യുമ്പോള്‍ അധിക സുരക്ഷാ പാളി ഏര്‍പ്പെടുത്തണമെന്ന ആര്‍ ബി ഐ നിര്‍ദേശമാണ് ഇതിന് കാരണം.

മൊബൈല്‍,യൂട്ടിലിറ്റി ബില്ലുകള്‍, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍, റെന്റല്‍ സേവനങ്ങള്‍ എന്നിവയുടെ ഓട്ടോമാറ്റിക് പേയ്മെന്റ് തടസപ്പെട്ടേക്കാം. ഇത്തരം ബില്ലുകള്‍ ഓട്ടോ പേയായി സെറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ അതുകൊണ്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്.

അധിക സുരക്ഷാ പാളി..

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുപി ഐ, അടക്കമുള്ള മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പണവിനിമയത്തിന് അധിക സുരക്ഷ ഏര്‍പ്പെടണമെന്ന് ആര്‍ ബി ഐ 2019 ഓഗസ്റ്റില്‍ ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ കാര്‍ഡ് പേയ്മെന്റ് നെറ്റ് വര്‍ക്കുകള്‍, പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെ അറിയിച്ചിരുന്നു.

മുന്‍കൂര്‍ സെറ്റ് ചെയ്ത സാമ്പത്തിക വിനിമയങ്ങള്‍ക്ക് തുടക്കത്തിലും പിന്നീടും അധികസുരക്ഷാ തട്ട് ഏര്‍പ്പെടുത്തണം എന്നായിരുന്നു ആര്‍ ബി ഐ അറിയിപ്പ്. ഉപഭോക്താവിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ആര്‍ ബി ഐ ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്.

ഒടിപി വീണ്ടും നല്‍കണം..

മുന്‍കൂര്‍ നിര്‍ദേശമനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും സ്വമേധയാ പണം പോകുമ്പോള്‍ ഒ ടി പി വഴി വീണ്ടും ഉപഭോക്താവ് അനുമതി നല്‍കണമെന്നാണ് ആര്‍ ബി ഐ നിര്‍ദേശിച്ചത്. ഇപ്പോള്‍ ഒരിക്കല്‍ സെറ്റ് ചെയ്താല്‍ പണം അതാത് തീയതികളില്‍ അക്കൗണ്ടില്‍ നിന്ന് വസൂലാക്കി കൊണ്ടിരിക്കും. ഇവിടെ ഒരോ പേയ്മെന്റിനും ഉപഭോക്താവ് അനുമതി നല്‍കേണ്ടതില്ല.

മാര്‍ച്ച് 31 വരെ...

കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ബാങ്ക് നല്‍കിയ നിര്‍ദേശമനുസരിച്ച് പുതിയ ചട്ടം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാവുമെന്നാണ് വ്യക്തമാക്കിയിരുന്നത്. മാര്‍ച്ച് 31 ന് അപ്പുറം നിലവിലുള്ള രീതി ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ഉപഭോക്താവിനെ അറിയിക്കണം...

പുതിയ നിര്‍ദേശമനുസരിച്ച് ബാങ്കുകളും പെയ്മെന്റ് പ്ലാറ്റ്ഫോമുകളും ആദ്യ ഗഡു ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. എസ് എം എസ്, ഇ മെയില്‍ തുടങ്ങിയ ഏത് മാധ്യമത്തിലൂടെ വിവരം നല്‍കണമെന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇടപാട് പൂര്‍ത്തിയാക്കാനുള്ള അനുമതിക്കായി നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അത് നല്‍കാം. ഈ നടപടിക്രമം ഇല്ലാതെ പണവിനിമയം അസാധ്യമാകും.

ബാങ്കുകളും പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഈ സംവിധാനത്തിലേക്ക് മാറിയോ എന്നത് ഇതുവരെ വ്യക്തമല്ല. ഈ സാഹചര്യത്തില്‍ റിസ്‌ക് എടുക്കാതെ സ്വന്തമായി പണമടയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പേയ്മെന്റ് തടസപ്പെട്ടേക്കാം.