ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാം. പുതുയ പാസ്പോർട്ട് എടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ഡൽഹി റോസ് അവന്യു കോടതി. 3 വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും. ശേഷം, പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം.
പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്. മാനനഷ്ടകേസിൽ കോടതി വിധി തിരിച്ചടിയായതിനെ തുടർന്ന് പാർലിമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ നയതന്ത്ര പാസ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ, രാഹുലിന് പാസ്പോർട്ട് അനുവദിച്ചാൽ അത് നാഷണൽ ഹെറാൾഡ് കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഹർജിയെ എതിർത്തിരുന്നു. എന്നാൽ, കേസ് 2018 മുതൽ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി രാഹുൽ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും വ്യക്തമാക്കി. യാത്ര ചെയ്യാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.
പാസ്സ്പോർട്ടിന്മേലുള്ള ആശങ്കൾ ഒഴിവായതിനാൽ രാഹുൽ ഗാന്ധി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ജൂൺ നാലിന്, ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും.