തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴിയെടുക്കുന്നു.
പൊലീസ് അസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് മൊഴിയെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സംഭവത്തിൽ എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തും. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്‍റെ 10ാം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്.
കൂടിക്കാഴ്ച വിവരം പുറത്തുവന്നത് സർക്കാറിനെ ഗുരുതര പ്രതിസന്ധിയിലാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിൽനിന്ന് അജിത് കുമാറിന്‍റെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് സഖ്യ കക്ഷികൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. കൂടിക്കാഴ്ചയിൽ സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കിൽ മാത്രമേ നടപടിക്ക് സാധ്യതയുള്ളൂ. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർ.എസ്.എസിന്‍റെ ഉന്നത നേതാക്കളായ ഹൊസബാലെയുടെയും രാം മാധവിന്‍റെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിയില്ല.