കണ്ണൂര്‍: പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് കത്ത് തയ്യാറാക്കിയത് നവീന്‍ ബാബു മരിച്ചതിന് ശേഷമെന്ന് നവീൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകന്‍. കത്തില്‍ പറയുന്നത് ‘ചുമതലയിലുള്ള’ എന്നല്ല പകരം ‘ചുമതല വഹിച്ച’ എ.ഡി.എം എന്നാണെന്നും പേരിലും ഒപ്പിലും വൈരുധ്യമുണ്ടെന്നും ഈ കത്ത് വ്യാജമാണെന്നും അഭിഭാഷകന്‍ ജോണ്‍. എസ് റാല്‍ഫ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയ്ക്ക് എതിരായി വാദിച്ചു.
കത്തില്‍ ചില സ്ഥലത്ത് പ്രാശാന്തന്‍ എന്നും പ്രശാന്ത് എന്നും പറയുന്നുണ്ട്. പ്രശാന്തന്‍ തന്നെ കത്ത് തയ്യാറാക്കുമ്പോള്‍ ഇതില്‍ വ്യത്യാസം വരില്ല. കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും വാദത്തില്‍ പറയുന്നു.
പ്രശാന്തിൻ്റെ പരാതിയിലെയും എന്‍ഒസി ഫയലുകളിലെയും ഒപ്പിലെ വൈരുദ്ധ്യവും കുടുംബം കോടതിയില്‍ ഉന്നയിച്ചു. “ഒപ്പിലെ വൈരുദ്ധ്യം പരാതി കെട്ടിച്ചമച്ചതിന് തെളിവാണ്. നവീന്‍ബാബുവിന് എതിരേ ജില്ലാ കളക്ടര്‍ക്കും വിജിലന്‍സിനും ഉള്‍പ്പെടെ പരാതി നല്‍കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അഴിമതി ഉണ്ടായെങ്കില്‍ പരാതി നല്‍കാതെ വ്യക്തിഹത്യ നടത്തുകയാണ് ഉണ്ടായത്.
ഈ പരാതി കെട്ടിച്ചമച്ചത് ദിവ്യയ്ക്ക് പ്രതിരോധം തീര്‍ക്കാനാണ്. നന്നായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെയാണ് വ്യക്തിഹത്യനടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എഡിഎമ്മിനോട് എങ്ങനെ സ്ഥലം പരിശോധിക്കണമെന്ന് ഉത്തരവിടാന്‍ കഴിയും. പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണ്. അധികാര പരിധിയില്‍പ്പെടാത്ത കാര്യത്തിലാണ് ദിവ്യ ഇടപെട്ടത്. പ്രശാന്തും ദിവ്യയും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടെന്നുള്ളത് വ്യക്തമാണ്”.
പി.പി. ദിവ്യ അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന ആളല്ല അഴിമതിക്കാരിയാണ്. പമ്പിന് അനുമതി നല്‍കണമെന്ന് ദിവ്യ ഫോണില്‍ എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാം എന്നായിരുന്നു എ.ഡി.എമ്മിൻ്റെ മറുപടി. പ്രശാന്തനും ദിവ്യയും തമ്മിലുള്ള നെക്‌സസാണ് അഴിമതി നടത്തിയതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു