മാതാപിതാക്കൾ കുട്ടികളുടെ വില്ലനാകരുത്; തല്ലി വളർത്തുന്നത് കുട്ടികളുടെ തലച്ചോറിനെ ബാധിക്കുമെന്ന്  പഠനം

കുട്ടികളെ തല്ലി വളർത്തുന്നത് അവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മാതാപിതാക്കൾ കുട്ടികളുടെ വില്ലനാകരുത്; തല്ലി വളർത്തുന്നത് കുട്ടികളുടെ തലച്ചോറിനെ ബാധിക്കുമെന്ന്  പഠനം

 

ചെറിയ വികൃതികൾക്കും കുസൃതികൾക്കും വരെ കുട്ടികളെ തല്ലുന്ന മാതാപിതാക്കളാണ് അധികവും. പഠനത്തിൽ ശ്രദ്ധിക്കാനും അനുസരണ ശീലിപ്പിക്കാനും എന്നു വേണ്ട സ്വന്തം ദേഷ്യത്തിന് പോലും മക്കളെ തല്ലുന്ന മാതാപിതാക്കൾ ഉണ്ട്. കുട്ടികളുടെ ഉത്തരവാദിത്തം അവരുട രക്ഷിതാക്കളായ മാതാപിതാക്കൾക്കാണ് എന്നിരിക്കേ തന്നെ അവരെ അനാവശ്യമായി തല്ലുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം വിപരീത ഫലമായിരിക്കും പലപ്പോഴും ഉണ്ടാക്കുക. അനുസരണയില്ലായ്മ, വാശി, ദേഷ്യം തുടങ്ങിയവ കുട്ടികളിൽ വളർത്താൻ മാതാപിതാക്കളുടെ അടി കാരണമായേക്കാം.

കുട്ടികളെ തല്ലി വളർത്തുന്നത് അവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തല്ലി വളര്‍ത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്ന് ഹാര്‍വഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. മൂന്ന് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. തല്ലും ഭീഷണിയും നിരന്തരം ഏൽക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളില്‍ നാഡീവ്യൂഹപരമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുക. തീരുമാനങ്ങള്‍ എടുക്കാനും സാഹചര്യങ്ങളെ വിലയിരുത്താനുമുള്ള കുട്ടികളുടെ ശേഷിയെ വരെ ഇത് ബാധിക്കും. ഭാവിയിൽ ഉത്കണ്ഠ, വിഷാദരോഗം, പെരുമാറ്റ വൈകല്യങ്ങള്‍ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികൾക്ക് ഉണ്ടാകാമെന്നും ഗവേഷകർ പറയുന്നു. അമേരിക്കയിൽ ചൈല്‍ഡ് ഡവലപ്‌മെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ പകുതി പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളെ ഒരിക്കലെങ്കിലും തല്ലിയിട്ടുണ്ടെന്ന് പറയുന്നു. 

സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ മൂന്നിൽ ഒന്നും ഒരു ആഴ്ച്ചക്കിടയിൽ കുട്ടികളെ തല്ലിയതായി സമ്മതിക്കുന്നു.