ഇന്ത്യ അടിയന്തരമായി അടച്ചിടണം: അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി

ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിട്ടാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.അന്തോണി ഫൗചി.

ഇന്ത്യ അടിയന്തരമായി അടച്ചിടണം: അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി

വാഷിങ്ടണ്‍: ലോക്ക് ഡൌണ്‍ ഒരു രാജ്യവും ഇഷ്ടപ്പെടുന്ന ഒരു പരിപാടിയല്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിട്ടാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.അന്തോണി ഫൗചി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ഫൗച്ചി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ബൈഡന്‍ അഡ്മിനിസ്ട്രേഷന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആണ് ഡോ. ഫൗച്ചി. ഇതിനു മുമ്പുള്ള ഏഴു പ്രസിഡന്റുമാര്‍ക്കും ഉപദേശം നല്‍കിയ സുദീര്‍ഘകാലത്തെ പ്രവൃത്തി പരിചയവും അദ്ദേഹത്തിന് ആരോഗ്യ രംഗത്തുണ്ട്. 

വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ ഈ അവസ്ഥയില്‍ നിര്‍ണായകമായ ചില ഇടത്തരം-ദീര്‍ഘ നടപടികള്‍ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്നമായിത്തീരും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ സിഎന്‍എന്നില്‍ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാന്‍ തയ്യാറാകുമോ എന്നറിയില്ല. തെരുവില്‍ അമ്മമാരും പിതാക്കന്‍മാരും സഹോദരങ്ങളും ഓക്സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തില്‍ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവര്‍ കരുതിപ്പോവും' ഫൗചി പറഞ്ഞു.

ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം ചെയ്യുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം എന്താണെന്ന് പിന്നീട് നോക്കണം. ഇത് നീണ്ടുനില്‍ക്കുന്നത് തടയാന്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ അത് വ്യത്യസ്ത ഘട്ടങ്ങളിലായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകളെ പരിപാലിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഓക്സിജന്‍ എങ്ങനെ ലഭ്യമാക്കാമെന്ന് ഒരു പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ എന്തെങ്കിലും കമ്മീഷനോ ഗ്രൂപ്പോ രൂപീകരിക്കേണ്ടതുണ്ട്. എങ്ങനെ ഓക്സിജന്‍ ലഭിക്കും, എങ്ങനെ മരുന്നുകള്‍ ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാമെന്നും ഫൗചി പറഞ്ഞു. യുഎസ് മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യക്കുള്ള അടിയന്തര പ്രശ്നം പരിഹരിക്കാന്‍ മറ്റു രാജ്യങ്ങളും ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ചെയ്ത പോലെ താത്കാലിക എമര്‍ജന്‍സി യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും ഇന്ത്യക്ക് ചിന്തിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി പറഞ്ഞു. ഈ യൂണിറ്റുകള്‍ വിദൂര സ്ഥലങ്ങളില്‍ ആശുപത്രികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാവുന്നതാണ്. കൊവിഡ് ബാധിതരായ ആയിരങ്ങള്‍ ചികിത്സിക്കാന്‍ ഇടമില്ലാതെ തെരുവില്‍ കഴിയുമ്പോള്‍ അത്യാവശ്യമായി ചെയ്യാന്‍ പറ്റുന്ന ഒന്നാണ് ഇത്തരത്തിലുള്ള എം മൊബൈല്‍ യൂണിറ്റുകള്‍ എന്നും ഡോ. ഫൗച്ചി പറഞ്ഞു. 

വാക്‌സിനേഷന്‍ മറ്റൊരു പ്രധാന ലക്ഷ്യമാണ്. നിലവില്‍ ഇന്ത്യയിലെ രണ്ടു ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്റെ സംരക്ഷണം നേടിയിട്ടുള്ളൂ. രണ്ടു വാക്‌സിനും എടുത്തവരുടെ എണ്ണമാണിത്. ഏഴു ശതമാനം പേര്‍ ഒരു വാക്‌സിനെങ്കിലും എടുത്തവരാണ്. അമേരിക്കയിലെതുമായി താരതമ്യം ചെയ്താല്‍,  ഇത് വളരെ കുറവാണ്, ആശങ്കാജനകമാണ്. ഇന്ത്യ എത്രയും പെട്ടെന്ന് ശേഷിക്കുന്നവരെ കൂടി വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിക്കാന്‍ ഒത്തുചേര്‍ന്നു പരിശ്രമിക്കണം എന്നും ഇന്ത്യയിലെ ജനങ്ങളോട്  അദ്ദേഹം ആഹ്വാനം ചെയ്തു.