കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തെളിവുശേഖരണം തുടങ്ങി. ആദായനികുതി (ഐടി) ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടർന്നു. കൊയിലാണ്ടി നന്തിയിലെ വീട്ടിൽ രാവിലെ 9ന് ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു.
അതേസമയം ഇഡി, അന്വേഷണം സിനിമാ രംഗത്തേക്കും വ്യാപിക്കാനാണ് തീരുമാനം. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവർത്തകരുടെ മൊഴികളും രേഖപ്പെടുത്തും. ഫാരിസുമായി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്ന കെട്ടിട നിർമാതാക്കൾ, ഇടനിലക്കാർ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്ലാറ്റുകളിലും തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി പരിശോധന തുടരുന്നുണ്ട്.
വർഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂർ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്ലാറ്റിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി നിർണായക രേഖകൾ പിടിച്ചെടുത്തു ഫ്ലാറ്റ് മുദ്രവച്ചു. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ പരിശോധന ഇന്നലെ വൈകിട്ട് 7 മണിക്കാണു അവസാനിച്ചത്. ചിലവന്നൂരിലെ കെട്ടിട നിർമാതാവിന്റെ കേരളത്തിലെ മുഴുവൻ അപ്പാർട്മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്കു സ്വന്തം ഫ്ലാറ്റുകളുണ്ട്. ഇയാൾ ഫാരിസിന്റെ ബെനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.
ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയത്. ചെന്നൈ, കൊച്ചി, കോഴിക്കോട്, മുംബൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഒരേ സമയമാണു പരിശോധന നടക്കുന്നത്. ഹവാല റാക്കറ്റ് വഴി ഈ പണം കൊച്ചിയിൽ നിർമാണ ജോലികൾ പുരോഗമിക്കുന്ന പാർപ്പിട സമുച്ചയത്തിനു വേണ്ടി എത്തിയതാണെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഇവരുടെ ഓഫിസുകളിലും ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.