തിരുവനന്തപുരം: ഗവേഷണ വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. തെറ്റ് പറ്റാത്തവർ ആരുമില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. എഴുത്ത്, വാക്ക്, പ്രയോഗം എന്നിവയിൽ അറിയാതെ പിശകുകൾ സംഭവിക്കാം. ഇത്തരം കാര്യങ്ങളെ മാനുഷികമായ രീതിയിലാണ് സമീപിക്കേണ്ടത്.
ചിന്തയെ നിരന്തരം ആക്രമിക്കുന്നത് വേട്ടയാടലിന്റെ ഭാഗമാണ്. ഉയർന്നുവരുന്ന യുവ വനിതാ നേതാവിനെ മനഃപൂർവ്വം വേട്ടയാടുകയാണെന്നും എൽ.ഡി.എഫ് കൺവീനർ ജയരാജൻ പറഞ്ഞു. ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
വളർന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങളോടെ മനഃപൂർവ്വം വേട്ടയാടുകയാണ്. ഇതിന്‍റെ ഭാഗമായി പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. യുവജന കമ്മിഷൻ ചെയർപേഴ്സന്‍റെ ശമ്പളം നിശ്ചയിച്ച് ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് ചിന്തയല്ല. അത് സർക്കാരിൻ്റെ പൊതുനയത്തിന്‍റെ ഭാഗമാണ്. അതിന്‍റെ പേരിൽ ചിന്തയെ വേട്ടയാടാൻ നിരവധി പേർ രംഗത്തുവന്നു. യുവജന കമ്മീഷന്‍റെ സ്തുത്യർഹമായ പ്രവർത്തനവും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകളും കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്താ ജെറോമിനെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ജയരാജൻ കുറിച്ചു.