സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവ താരം ഡി ഗുകേഷിന് വിജയം. 11ാം റൗണ്ട് മത്സരത്തില്‍ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് മുന്നില്‍.
ജയത്തോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഒന്നരപോയിന്റു കൂടി നേടിയാല്‍ ഗുകേഷിന് ലോക ചാംപ്യനാകാം. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. ഡിങ് ലിറന് നിലവില്‍ അഞ്ച് പോയന്റാണുള്ളത്.
ഡിങ് ലിറനുമായുള്ള പത്താം റൗണ്ട് പോരാട്ടവും തുല്യതയില്‍ തന്നെ അവസാനിച്ചിരുന്നു. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പം നിന്നത്.
ക്ലാസിക്ക് പോരാട്ടത്തില്‍ ഇനി ശേഷിക്കുന്നത് മത്സരങ്ങളാണ്. പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ഇതും സമനിലയില്‍ അവസാനിച്ചാല്‍ ബ്ലിറ്റ്സ് പ്ലേ ഓഫിലൂടെയായിരിക്കും വിജയിയെ നിര്‍ണയിക്കുക.