പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150 റൺസിനു പുറത്തായപ്പോഴേ വിധി നിർണയിച്ചതായി ആരാധകർ കരുതി. എന്നാൽ ജസ്പ്രീത് ബുംറയെന്ന പുതിയ ക്യാപ്റ്റനു കീഴിൽ അതേ ശക്തിയിൽ തിരിച്ചടിച്ച ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോൾ വെറും 67 റൺസിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറ തന്നെയാണ് ഓസ്‌ട്രേലിയയെ തകർക്കുന്നതിലും മുന്നിൽനിന്നു നയിച്ചത്. ആറ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
ഓസ്‌ട്രേലിയൻ നിരയിൽ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റൺസെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഉസ്മാൻ ഖവാജ(8), മാമസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചൽ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റൺസോടെ മിച്ചൽ സ്റ്റാർക്ക് ക്രീസിലുണ്ട്.