ഈ ആറ് ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത്

ഈ ആറ് ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത്

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ്. ശരീരത്തിന്റെയും ബുദ്ധിയുടെയും വികാസത്തിന് പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. ഒരു രാത്രി മുഴുവന്‍ നീണ്ട ഉപവാസം അവസാനിപ്പിച്ച് നാം കഴിക്കുന്ന പ്രഭാതഭക്ഷണം നല്‍കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ദിവസം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ അത് ഏറ്റവും മികച്ചതായിരിക്കാന്‍ ശ്രദ്ധിക്കണം. 

തെറ്റായ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. ബ്രേക്ക്ഫാസ്റ്റില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതാത്ത ആറ് ഭക്ഷണങ്ങള്‍ ഇവയാണ്.

1. സാലഡ്

പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ, അത് രാവിലെ വേണ്ട. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്നമുണ്ടാക്കുകയും വയര്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. 

2. സിട്രിക് പഴങ്ങള്‍

ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് താനും. എന്നാല്‍ അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം വഴിവയ്ക്കാം. 

3. കാപ്പി

നല്ലൊരു സ്ട്രോങ്ങ് കാപ്പിയുമായി ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് വയറിലെ ആസിഡുകളുടെ ഉത്പാദനത്തിന് കാരണമാകുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 

4. പഞ്ചസാര അടങ്ങിയ പാനീയങ്ങളും കോളയും

എന്നാല്‍ ഇനി ജ്യൂസ് കുടിച്ചേക്കാം എന്ന് കരുതി പായ്ക്കറ്റിലാക്കിയ ജ്യൂസോ, കോളയോ കുടിക്കാം എന്ന് കരുതിയാലും തെറ്റി. പാക്ക് ചെയ്ത ജ്യൂസിലും നുരയുന്ന പാനീയങ്ങളിലും  നിറയെ മധുരമായിരിക്കും. അതിരാവിലെ തന്നെ മധുരമെല്ലാം അകത്ത് ചെല്ലുന്നത് ദീര്‍ഘനേരം വിശ്രമിച്ചിട്ട് എഴുന്നേറ്റ് വരുന്ന പാന്‍ക്രിയാസിന് ഒട്ടും ആരോഗ്യപ്രദമല്ല. 

5.  വാഴപ്പഴം 

അതി രാവിലെ പഴവും ഒഴിവാക്കേണ്ടതാണ്. ഉയര്‍ന്ന തോതില്‍ മഗ്‌നീഷ്യവും പൊട്ടാസിയവും ഉള്ള ആഹാരസാധനമാണ് പഴം. ഇത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഈ രണ്ട് ധാതുക്കളുടെയും രക്തത്തിലെ സന്തുലിതാവസ്ഥയെ തെറ്റിക്കും. 

6. യോഗര്‍ട്ട് 

ദഹനത്തെ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് യോഗര്‍ട്ട്. പക്ഷേ, കഴിക്കേണ്ട സമയത്ത് കഴിക്കണം. യോഗര്‍ട്ടിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ രാവിലെ കഴിച്ചാല്‍ ശരീരത്തിന് പ്രയോജനം ചെയ്യില്ല. അതിനാല്‍ രാവിലെ കഴിക്കാതെ പിന്നീട് എപ്പോഴെങ്കിലും യോഗര്‍ട്ട് കഴിക്കുന്നതാകും നന്നാകുക.