പാലക്കാട്:ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം.
ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. മരിച്ചവർ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരായിരുന്നു മരിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ്.
വളവു തിരിഞ്ഞ ഉടനെയാണ് റെയില്‍വേ പാലത്തില്‍ ആളുകളെ കണ്ടത്. വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്‍ജന്‍സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ലോക്കോ പൈലറ്റ് പറഞ്ഞു.