ഉടമസ്ഥര്‍ എല്ലാം ദുരൂഹമായി മരണപ്പെടുന്ന ശപിക്കപ്പെട്ട' ദ്വീപിനെക്കുറിച്ച്

പക്ഷേ ഒരു സഞ്ചാരിയും പോകാത്ത ഒരു ദ്വീപുണ്ട് ഇറ്റലിയില്‍. ശപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന ആ ദ്വീപിന്റെ പേര് ഗയോള.

ഉടമസ്ഥര്‍ എല്ലാം ദുരൂഹമായി മരണപ്പെടുന്ന ശപിക്കപ്പെട്ട' ദ്വീപിനെക്കുറിച്ച്

പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ് ഇറ്റലി. അതുകൊണ്ട് തന്നെ വിനോദസഞ്ചാരത്തിനായി നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. പക്ഷേ ഒരു സഞ്ചാരിയും പോകാത്ത ഒരു ദ്വീപുണ്ട് ഇറ്റലിയില്‍. ശപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന ആ ദ്വീപിന്റെ പേര് ഗയോള.

ഇറ്റലിയിലെ നേപ്പിള്‍സിലാണ് താരതമ്യേന ചെറുതും അതേസമയം അതിമനോഹരവുമായ ഗയോള സ്ഥിതി ചെയ്യുന്നത്. ഏകദേശം 42 ഹെക്ടര്‍ വരും ദ്വീപിന്റെ വലിപ്പം. രണ്ട് ചെറിയ ദ്വീപുകള്‍ ചേര്‍ന്നാതാണ് ഗയോള ദ്വീപ്. യൂപ്ലീ എന്നായിരുന്നു മുമ്പ് ഇവിടം അറിയപ്പെട്ടിരുന്നത്. റോമിലെ പ്രശസ്ത കവിയായിരുന്ന വിര്‍ജില്‍ ഇവിടെയാണ് പഠിച്ചിരുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. തുടരെത്തുടരെയുണ്ടായ അകാല മരണങ്ങളും മാനസിക വിഭ്രാന്തിയുടെ കഥകളും അപകടങ്ങളുമാണ് ദ്വീപ് കുപ്രസിദ്ധിയാര്‍ജിക്കാന്‍ കാരണം. എല്ലാത്തിനും ഇരകളായത് പല സമയങ്ങളിലായി ദ്വീപിന്റെ ഉടമസ്ഥരായവരും. 

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 'മന്ത്രവാദി' എന്നറിയപ്പെട്ടിരുന്ന ഒരു താപസനായിരുന്നു ദ്വീപിലെ അന്തേവാസി. ഇതിന് ശേഷം ല്യൂഗി നെഗ്രി എന്നൊരാള്‍ ദ്വീപില്‍ ഒരു വില്ല നിര്‍മിച്ചു. പക്ഷേ വൈകാതെ അയാള്‍ക്ക് എല്ലാം വില്‍ക്കേണ്ടിവന്നു. ഈ വില്ല ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നുണ്ട് . 20-ാം നൂറ്റാണ്ടായപ്പോള്‍ മറ്റ് പലരും ഈ വില്ലയും ദ്വീപും സ്വന്തമാക്കി. 1900 ത്തിന്റെ തുടക്കത്തില്‍ ഹാന്‍സ് ബ്രോണ്‍ എന്നൊരു സ്വിസ് സമ്പന്നന്‍ ദ്വീപ് വിലയ്ക്ക് വാങ്ങി. പക്ഷേ ദുര്‍വിധി അദ്ദേഹത്തെ പിന്തുടര്‍ന്നു. കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നീട് ഇയാളുടെ ഭാര്യയും മരിച്ചു. കടലില്‍ നിന്നായിരുന്നു ബ്രോണിന്റെ ഭാര്യയുടെ മൃതദേഹം ലഭിച്ചത്.

1911-ല്‍ ദ്വീപ് വാങ്ങുകയെന്ന ഉദ്ദേശത്തോടെ ക്യാപ്റ്റന്‍ ഗാസ്പെയര്‍ ആല്‍ബെങ്ക എന്ന നാവികന്‍ ഈ ഭാഗത്തുകൂടി ചുറ്റിയടിക്കുകയുണ്ടായി. പക്ഷേ ആ കപ്പല്‍ പാറക്കൂട്ടങ്ങളിലിടിച്ച് തകര്‍ന്ന് മുങ്ങുകയും ക്യാപ്റ്റന്‍ മരിക്കുകയും ചെയ്തു. പക്ഷേ കപ്പല്‍ തകര്‍ന്നിട്ടില്ലെന്നും ക്യാപ്റ്റനും കപ്പലും ഒരുമിച്ച് അപ്രത്യക്ഷമായെന്നുമുള്ള മറ്റൊരു കഥയും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

പിന്നീട് ദ്വീപ് വാങ്ങിയ ഓട്ടോ ഗ്രണ്‍ബാക്ക് വില്ലയിലിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. ഇതേ ദ്വീപ് വാങ്ങിയ എഴുത്തുകാരന്‍ മോറിസ് സാന്‍ഡോസിന് മാനസിക രോഗം വന്നു. ഒരു സ്വിസ് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് ആത്മഹത്യ ചെയ്തു. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ അടുത്ത ബന്ധുവായ എഞ്ചിനീയര്‍ നെല്‍സണ്‍ ഫോളിയും ഈ ദ്വീപ് സ്വന്തമാക്കിയിരുന്നു. 1896 മുതല്‍ 1903 വരെ ഇവിടത്തെ വില്ലയിലെ താമസക്കാരന്‍ 'ലാന്‍ഡ് ഓഫ് ദ സൈറണ്‍' എഴുതിയ നോര്‍മന്‍ ഡഗ്ലസ് ആയിരുന്നു. ഇദ്ദേഹമാണ് ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കേബിള്‍ ചെയര്‍ നിര്‍മിച്ചത്. ഇദ്ദേഹം പിന്നീട് ഇത് നെല്‍സണ്‍ ഫോളിക്ക് തിരികെ നല്‍കി.

ദ്വീപ് വാങ്ങിയ ജര്‍മന്‍ വ്യവസായി ബാരോണ്‍ കാള്‍ പോള്‍ ലാങ്ങെയിം കടക്കാരനായി. വാഹനനിര്‍മാതാക്കളായ ഫിയറ്റിന്റെ തലവനായിരുന്ന ഗിയാനി ആഗ്‌നെല്ലിക്ക് ദ്വീപ് വാങ്ങിയതോടെ പലവിധ കുടുംബപ്രശ്നങ്ങളും നേരിടേണ്ടി വന്നു. പിന്നീട് ഇത് വാങ്ങിയ അമേരിക്കന്‍ വ്യവസായി ജീന്‍ പോള്‍ ഗെറ്റിയുടെ മൂത്ത മകന്‍ ആത്മഹത്യ ചെയ്തു. കൊച്ചുമകനെ ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അവസാനം ദ്വീപ് സ്വന്തമാക്കിയ ഗിയാന്‍ പാസ്‌ക്വയല്‍ ഗ്രാപ്പോണിന്റെ അന്ത്യം ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഒരു കാറപകടത്തില്‍ മരിക്കുകയും ചെയ്തു.

1978-ല്‍ ദ്വീപ് സര്‍ക്കാരിന് കീഴിലായി. ഗയോള അണ്ടര്‍വാട്ടര്‍ പാര്‍ക്കെന്നാണ് ഇവിടം അറിയപ്പെടുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ താമസക്കാരാരുമില്ല. എങ്കിലും ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഇപ്പോഴും നിലനില്‍ക്കുന്നു.