സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം

ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചു.

സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം ഷവര്‍മ ഉണ്ടാക്കുന്ന ഇടത്തെ വൃത്തി, ഉപകരണങ്ങള്‍, ഉപയോഗിക്കുന്ന ഇറച്ചി, മയൊണൈസ്, കടക്ക് ലൈസന്‍സ് ഉണ്ടോ തുടങ്ങിയവയും പരിശോധിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കാസര്‍കോഡ് ഷവര്‍മ വിറ്റ ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്‍കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. നാരായണന്‍ പ്രസന്ന ദമ്പതികളുടെ 16കാരിയായ മകള്‍ ദേവനന്ദയാണ് ഇന്നലെ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.