പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞ് ആക്രമിച്ച് 100 പവന്‍ കവര്‍ന്നു

ദേശീയപാതയില്‍ കാറില്‍ വന്ന ആഭരണക്കടയുടമയെ പള്ളിപ്പുറത്തുവച്ച് ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു.

പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞ് ആക്രമിച്ച് 100 പവന്‍ കവര്‍ന്നു

മംഗലപുരം: ദേശീയപാതയില്‍ കാറില്‍ വന്ന ആഭരണക്കടയുടമയെ പള്ളിപ്പുറത്തുവച്ച് ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷമായിരുന്നു കവര്‍ച്ച. പാറശ്ശാല ഭാഗത്തുനിന്നാണ് കാര്‍ വന്നത്. കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിലും കണ്ടെത്തി. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവര്‍ പറയുന്നത്. 

സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിയെും ഡ്രൈവര്‍ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്കു സമീപം അജ്ഞാതസംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവര്‍ കുറക്കോടുവച്ച് സമ്പത്തിന്റെ കാര്‍ തടഞ്ഞു. കാര്‍ നിര്‍ത്തിയ ഉടന്‍ മുന്നിലും പിന്നിലുമായി വന്നവര്‍ ചാടിയിറങ്ങി വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു.

ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. ഡ്രൈവര്‍ അരുണിനെ കാറില്‍നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദിച്ച് വാവറയമ്പലത്തിനു സമീപം വാഹനത്തില്‍നിന്നു തള്ളിയിട്ടു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  മംഗലപുരം പോലീസ് അന്വേഷണമാരംഭിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സി.എസ്.ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.