മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ തുടർന്ന് നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ. ‘അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കണം. സസ്പെൻഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്’ – എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽക്കൂടി അലയൊലി തീർത്തതോടെ, സി.പി.എം. അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടർന്ന്, പാർട്ടിനിർദേശം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അൻവർ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ, ഇതേ വിഷയത്തിൽ പി.വി. അൻവർ എം.എൽ.എ.യെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ തത്‌കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തിൽ അന്വേഷണംനടത്തി കഴമ്പുണ്ടെന്നു കണ്ടാൽമാത്രം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.