തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.
ഏതെങ്കിലുമൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണം എഡിജിപി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്ന് കഴിഞ്ഞദിവസം ചേർന്ന ഐ.പി.എസ്. സ്‌ക്രീനിങ് കമ്മിറ്റി നിലപാട് സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി.
എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് ഫെബ്രുവരിയിൽ സംസ്ഥാനത്തേക്കു തിരികെ വരാതിരുന്നാൽ ഡിജിപി റാങ്കിലേക്ക് അജിത് കുമാറിനെ പരിഗണിക്കാനാണ് തീരുമാനം. എന്നാൽ സുരേഷ് രാജ് പുരോഹിത് തിരികെ വരുമെന്നാണ് വിവരം.
ഇതോടെ, നിലവിലെ പോലീസ് മേധാവി ഷെയ്‌ഖ് ദർവേശ് സാഹേബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡിജിപി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. അടുത്ത ഏപ്രിൽ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാർ വിരമിക്കുന്നതോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ആകും ആദ്യം ഡി.ജി.പി.യാവുക. ഇതിനുശേഷം മാത്രമേ അജിത് കുമാറിനിന് സ്ഥാനക്കയറ്റം ലഭിക്കൂ.
തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ അജിത് കുമാറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ വിജിലൻസ് അന്വേഷണവുമുണ്ട്.