കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോൺ എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.കുട്ടികളുടെ അവസരം നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് വിലക്ക് പിൻവലിച്ചത്.
വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി നൽകിയിരുന്നു. വിലക്കേർപ്പെടുത്തി പൊതു വിദ്യാഭ്യസ ഡയറക്ടർ ഇറക്കിയ ഉത്തരവ് റദ്ദാക്കും. വിലക്ക് നീക്കിയുള്ള പുതിയ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ കമ്മിഷൻ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകർ അവർക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നൽകിയിട്ടില്ല. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാർബേസിൽ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണെന്നും മന്ത്രി അറിയിച്ചു.