back to top
Wednesday, February 12, 2025
Google search engine
HomeLatest Newsവനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു;ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാകണം: മുഖ്യമന്ത്രി

വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു;ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ ഘട്ടത്തില്‍വനംനിയമഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിലാക്കുന്നതോ ആയ ഒരു ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു’മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. മനഃപൂര്‍വ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തില്‍ കയറുക, വനത്തിനുള്ളില്‍ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടര്‍നടപടികളാണ് പിന്നീടുണ്ടായത്. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ മുഖംനോക്കാതെ നടപടിയെടുക്കുന്നത് നേരത്തെ തന്നെയുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. അത്തരം കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്നയാളുടെ പണമോ സമൂഹത്തിലെ സ്ഥാനമോ മറ്റു പ്രത്യേകതകളോ ഒന്നുംനോക്കില്ല. ആ സന്ദേശം നേരത്തെ തന്നെ കേരളത്തിന്റെ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments