പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തില്‍ പിടിയില്‍

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്.

പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തില്‍ പിടിയില്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തില്‍ പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് കെഎസ്ബിഎ തങ്ങള്‍.

കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. കോയമ്പത്തൂരില്‍ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തു. തുടര്‍ന്ന് ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങള്‍ പറയുന്നത്. എന്നാല്‍ രേഖകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്തത് കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.