റഫ: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്. സൈനികരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്ക് കൈമാറി. സൈനികരേയും വഹിച്ച് റെഡ് ക്രോസ് വാഹനം ഗാസയില്‍ നിന്ന് പുറപ്പെട്ടു. മിലിട്ടറി യൂണിഫോമില്‍ പുറത്തെത്തി ആളുകളെ അഭിവാദ്യം ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന നാല് ഇസ്രയേല്‍ സൈനികരെ വിട്ടയക്കുമെന്ന് വെള്ളിയാഴ്ചയാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള രണ്ടാമത്തെ തടവുകാരുടെ കൈമാറ്റമാണ് ഇത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഓസ് സൈനിക താവളത്തില്‍ നിന്നാണ് നാലുപേരെയും ബന്ദികളാക്കിയത്.
ധാരണ പ്രകാരം നാല് സൈനികരെ ഹമാസ് വിട്ടയക്കുമ്പോള്‍ ഇസ്രയേല്‍ തടവിലുള്ള ഒരു പലസംഘം പാലസ്തീനികളേയും വിട്ടയക്കേണ്ടതുണ്ട്. എന്നാല്‍ എത്ര പേരാണ് തടവില്‍ നിന്ന് മോചിതരാവുകയെന്നത് സംബന്ധിച്ച വിവരം ഹമാസോ ഇസ്രയേലോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കരാര്‍ ഗാസ യുദ്ധത്തിന്റെ അന്ത്യത്തിന് അടിത്തറ പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടുപോയ നിരവധി പേര്‍ ജന്മദേശത്തേക്ക് തിരിച്ചെത്താനാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളും കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്തിരുന്നിടത്ത് വെറും കല്ലും മണലും നിറഞ്ഞ കൂമ്പാരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.