ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, 2019 ലെ തിരഞ്ഞെടുപ്പിനേക്കാൾ വളരെ കടുത്ത മത്സരമാണ് ഇത്തവണ നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ, നാല് സീറ്റുകളിൽ, വിജയിയും തൊട്ടടുത്തുള്ള സ്ഥാനാർത്ഥിയും തമ്മിലുള്ള മാർജിൻ 1,000 വോട്ടിൽ താഴെയാണ്.
മുഴുവൻ വോട്ടെണ്ണലും കഴിഞ്ഞപ്പോൾ, ഉച്ചന കലൻ, ലോഹരു, റോഹ്തക്, ദബ്വാലി എന്നീ നാല് സീറ്റുകളിൽ വിജയ മാർജിൻ 1,000 ൽ താഴെയാണ്.
14 സീറ്റുകളിൽ വിജയ മാർജിൻ 1000 മുതൽ 5000 വരെ വോട്ടുകൾക്കും 13 സീറ്റുകളിൽ 5000 മുതൽ 10000 വരെ വോട്ടുകൾക്കും ഇടയിലാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയും കോൺഗ്രസുംവിജയിച്ച 85 സീറ്റുകളിൽ 30 എണ്ണത്തിലും 10,000-ത്തിൽ താഴെ വോട്ടിൻ്റെ വിജയ മാർജിനാണ് രേഖപ്പെടുത്തിയത്.
ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ വോട്ടുശതമാനത്തിലെ വ്യത്യാസം കേവലം 0.6 ശതമാനം മാത്രമാണ്. കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ 2019നെ അപേക്ഷിച്ചുണ്ടായ വോട്ടുവര്‍ധന 11 ശതമാനമാണ്. ബി.ജെ.പിക്കുണ്ടായ വോട്ടുവര്‍ധനയാകട്ടെ 3 ശതമാനം മാത്രം. 2019ല്‍ അധികാരത്തിലേറിയ ബി.ജെ.പി നേടിയത് 36.49 ശതമാനം വോട്ടാണ്. കോണ്‍ഗ്രസിന് കിട്ടിയത് 28.08 ശതമാനവും. ഇത്തവണ ഇത് യഥാക്രമം 39.9 ശതമാനവും 39.34 ശതമാനവുമായി. സ്വതന്ത്രരും ചെറുകക്ഷികളും പിടിച്ചെടുക്കുന്ന വോട്ടുകള്‍ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എത്രമാത്രം നിര്‍ണായകമാകുമെന്നതിന് തെളിവാണ് ഈ കണക്ക്.
ചെറു പ്രാദേശിക കക്ഷികളെല്ലാം ചേര്‍ന്ന് 12 ശതമാനം വോട്ടുകള്‍ കൊണ്ടുപോയപ്പോള്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാനുള്ള സീറ്റെണ്ണം തികയ്ക്കാനാവാതെ പോയി. നഗര, അര്‍ധ നഗര മേഖലകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിനാണ് വോട്ടുവിഹിതം കൂടിയത്. കര്‍ഷക മേഖലകളാണിവ. എന്നാല്‍ ഈ വര്‍ധിച്ച വോട്ടുവിഹിതം സീറ്റുകളാക്കുന്നതില്‍ കോണ്‍ഗ്രസ് സംഘടനാസംവിധാനം പരാജയപ്പെട്ടു. ബി.ജെ.പിയേക്കാള്‍ വെറും 2 സീറ്റുകളേ അധികം കിട്ടിയുള്ളൂ. കൂടുതല്‍ വോട്ടര്‍മാരുള്ള ഗ്രാമീണമണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിൻ്റെ വോട്ടുവിഹിതം കൂടിയത്. എന്നാല്‍ മറ്റ് ചെറിയ സീറ്റുകളില്‍ ശക്തമായ സംഘടനാസംവിധാനത്തിലൂടെ ജയമുറപ്പിച്ചെടുക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു.
21 ശതമാനം വരുന്ന ദളിത് വോട്ടുകളും 40 ശതമാനം വരുന്ന ഒ.ബി.സി വോട്ടുകളും കോണ്‍ഗ്രസില്‍ നിന്നകന്നു. ഒരു കുടുംബത്തിൻ്റെ ആധിപത്യം ഹരിയാണയില്‍ തിരിച്ചടിച്ചെന്ന കുമാരി സെല്‍ജ എം.പിയുടെ തുറന്നുപറച്ചില്‍ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ രണ്ടാഴ്ചയോളം അവര്‍ വിട്ടുനിന്നതും ദളിത് വിരുദ്ധസമീപനത്തിന് തെളിവായി. ഇതെല്ലാം ബി.ജെ.പി പ്രചരണായുധമാക്കി.