back to top
Thursday, January 16, 2025
Google search engine
HomeLatest Newsനവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്ത് കൊണ്ട്? കേസ് ഡയറി ഹാജരാക്കണം: ഹൈക്കോടതി

നവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്ത് കൊണ്ട്? കേസ് ഡയറി ഹാജരാക്കണം: ഹൈക്കോടതി

കൊച്ചി: എഡിഎം നവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി. നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് തേടിയ ഹൈക്കോടതി വിശദ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. ഈ അന്വേഷണ സംഘത്തെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. അതില്‍ സത്യം ഉണ്ടായിരിക്കില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നവിധം കെട്ടിച്ചമച്ച തെളിവുകളായിരിക്കും കുറ്റപത്രത്തില്‍ ഉണ്ടാവുക എന്നും മഞ്ജുഷ ആരോപിച്ചു. സത്യം കണ്ടെത്താന്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.

നവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിൻ്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഒക്ടോബര്‍ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീന്‍ബാബു മരിച്ചതായി അറിയിച്ചത്. എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍.

പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വകുപ്പുതല പരിപാടി മാത്രമായിരുന്നു നടന്നത്. നവീന്‍ ബാബുവിൻ്റെ യാത്രയയപ്പില്‍ യോഗം തുടങ്ങിയ ശേഷം ജില്ല പ്രസിഡൻ്റ് പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. യോഗത്തില്‍ നവീന്‍ അഴിമതിക്കാരനാണെന്നും പതിവായി കോഴവാങ്ങുന്നയാളാണെന്നുമുള്ള വ്യാജ ആരോപണമുന്നയിച്ചു. ഇത് റെക്കാഡ് ചെയ്യാന്‍ ക്യാമറമാനേയും കൊണ്ടുവരുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ ജീവനക്കാര്‍ക്കടക്കം ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. എന്നാല്‍ അന്വേഷണസംഘം അന്വേഷണം നടത്തിയില്ല. കേസിലെ ഏക പ്രതിയായ ദിവ്യയെ തെളിവ് കെട്ടിച്ചമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കണമെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments