മുംബയ്: ശക്തമായ മഴയെ തുടർന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. മഴ കാരണമുണ്ടായ അപകടങ്ങളിൽ നാലുപേരാണ് മരിച്ചത്. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകൾ വഴിതിരിച്ചുവിട്ടു. ഇന്നും മഴ കനക്കുമെന്നാണ് അറിയിപ്പ്. പൂനെ, താനെ, റായ്‌ഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലത്തെ അപ്രതീക്ഷിത മഴ കാരണമുണ്ടായ വെള്ളക്കെട്ടും ഗതാഗത തടസവും ജനങ്ങളെ ഏറെ വലച്ചു. മിന്നലോടുകൂടിയ മഴ വൈകിട്ട് നാലുമണിയോടെ ആണ് ശക്തിപ്രാപിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് മദ്ധ്യ റെയിൽവേയിലെ മെയിൻ ലൈനിൽ ഗതാഗതം തടസപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തു.
മുളുണ്ട്, ഭാണ്ഡൂപ് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവി മുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്‌തു. സിന്ധുഗുർഗ്, പാൽഘർ മേഖലകളിലും രത്നാഗിരിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വസായ് മേഖലയിൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയെത്തുടർന്നാണ് റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.