സ്‌റ്റോക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാനിലെ നിഹോങ് ഹിഡാന്‍ക്യോ എന്ന സംഘടനയ്ക്ക്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്ന സംഘടയാണ് നിഹോങ് ഹിഡാന്‍ക്യോ.ഹിബാകുഷ എന്നും അറിയപ്പെടുന്നു, ആണവ രഹിത ലോകത്തിന് വേണ്ടി വാദിക്കുന്നതിനും അതിൻ്റെ ഭീകരതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള ആദരവായാണ് ഈ സംഘടനയ്ക്ക് ഇത്തവണ നൊബേല്‍ സമ്മാനിച്ചത്.
1956ലാണ് ഈ സംഘടന രൂപീകൃതമായത്. ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള ബോധവല്‍ക്കരണം നടത്തുക എന്നതാണ് സംഘടനയുടെ ദൗത്യം. അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി കണ്ടെത്തി.
ആണവായുധങ്ങള്‍ക്കെതിരായ ആഗോള എതിര്‍പ്പ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ നൊബേല്‍ കമ്മിറ്റി പ്രശംസിച്ചു. വിവരിക്കാന്‍ കഴിയാത്തത് വിവരിക്കാനും ചിന്തിക്കാന്‍ കഴിയാത്തത് ചിന്തിക്കാനും ഈ സംഘടന സഹായകരമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.