കൊച്ചി: സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് നടത്തിയ പരസ്യ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.