ഹോ എന്തൊരു ചൂട്? കാരണം സൂര്യന്‍റെ യാത്ര

ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ നിന്നു വടക്കോട്ടു സഞ്ചരിച്ച് ഏപ്രില്‍ പകുതിയോടെ കേരളത്തിനു മുകളിലെത്തുമ്പോള്‍ മേടമാസം പിറക്കും.

ഹോ എന്തൊരു ചൂട്? കാരണം സൂര്യന്‍റെ യാത്ര

കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ സഹിക്കാന്‍ പറ്റാത്ത ചൂടാണ് പകല്‍ സമയത്ത്. ഉച്ച സയത്തുള്ള വെയില്‍ കൊണ്ടാല്‍ ശരിക്കും കുഴഞ്ഞു പോകും. സാധാരണ മാര്‍ച്ച് മാസത്തില്‍ ഈ പതിവുള്ളതല്ല. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ഇപ്പോള്‍ ചൂട് കൂടാന്‍  കാരണം. ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ നിന്നു വടക്കോട്ടു സഞ്ചരിച്ച് ഏപ്രില്‍ പകുതിയോടെ കേരളത്തിനു മുകളിലെത്തുമ്പോള്‍ മേടമാസം പിറക്കും. മേഘങ്ങള്‍ ഒഴിഞ്ഞ് അന്തരീക്ഷം തെളിയുന്നതും ചൂട് വര്‍ധിക്കാനും തണുപ്പു കൂടാനും കാരണമാകും.

പകല്‍ സമയത്ത് ആകാശം തെളിഞ്ഞാല്‍ സൂര്യരശ്മിയിലെ പല ആവൃതികളിലുള്ള തരംഗങ്ങള്‍ മുഴുവനായും ഭൂമിയില്‍ പതിച്ച് ചൂട് വര്‍ധിക്കും. എന്നാല്‍ രാത്രിയില്‍ ആകാശം തെളിഞ്ഞാല്‍ ചൂട് (പ്രധാനമായും ഇന്‍ഫ്രാറെഡ് കിരണങ്ങള്‍) മുഴുവന്‍ അന്തരീക്ഷത്തിലേക്ക് തിരികെ പോകുമെന്നതിനാല്‍ തണുപ്പ് അനുഭവപ്പെടും.

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ 2 ദിവസമായി അനുഭവപ്പെടുന്നത് റെക്കാഡ് ചൂടാണ്. സീതത്തോട്, വാഴക്കുന്നം എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് താപമാപിനികളില്‍ തിങ്കളാഴ്ച 38.9 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പുണെ ആസ്ഥാനമായ ക്ലൈമറ്റ് റിസര്‍ച് സര്‍വീസസ് എന്ന സ്ഥാപനം ഉപഗ്രഹ സംവിധാനം വഴിയാണ് ഈ ഡേറ്റ ശേഖരിക്കുന്നത്.