back to top
Thursday, February 13, 2025
Google search engine
HomeLatest Newsവഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സർക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി

വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സർക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി ഇരിക്കവെ, എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോ?. ടേം ഓഫ് റഫറന്‍സ് എവിടെ?. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ആളുകള്‍ കൈവശം വച്ചിരിക്കുന്ന രേഖകളുടെ നിയമപരമായ സാധുത എന്താണ് എന്നും കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ജുഡീഷ്യറി അന്വേഷണ കമ്മീഷനെ സ്റ്റേ ചെയ്യണണെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയാല്‍ തീര്‍പ്പാക്കപ്പെട്ട വിഷയത്തില്‍ കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്ന് കേരള വഖഫ് സംരക്ഷണ വേദിയുടെ അഭിഭാഷകന്‍ വാദിച്ചു. 2019 ല്‍ വഖഫ് ബോര്‍ഡ്, ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീര്‍പ്പാക്കപ്പെട്ട സ്വത്തവകാശം വീണ്ടും തുറക്കാന്‍ കഴിയില്ല. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച ഭൂമിയില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

സർക്കാർ നിയോ​ഗിച്ചത് അന്വേഷണ കമ്മീഷന്‍ അല്ലെന്നും, വസ്തുതാ പരിശോധന കമ്മീഷനാണെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. അതിന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. മുനമ്പം ഭൂമിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഫറൂഖ് കോളജിനോട് സ്വത്ത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് സ്വത്തായി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.

മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് സ്വത്താണെന്ന കണ്ടെത്തലും ഒരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments