ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.
തീഗാൽഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ൽ നഗർ കമ്മ്യൂണിറ്റി ഹാളിന് എതിർവശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറിൽ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടുപിടിച്ചു. ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് തെളിഞ്ഞു.
അനുരാധയും ചന്ദ്രമോഹനും തമ്മിൽ ബന്ധമുണ്ടായിരുന്നു. ചന്ദ്രമോഹന്റെ വീട്ടിലായിരുന്നു അനുരാധ താമസിച്ചിരുന്നത്. 2018 മുതൽ പ്രതി അനുരാധയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാലിത് തിരിച്ചുകൊടുത്തില്ല. അനുരാധ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പിന്നിൽ. അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ പദ്ധതിയിട്ടിരുന്നു.
മേയ് 12ന് പണം തിരികെ തരാത്തതിന്റെ പേരിൽ ഇരുവരും വഴക്കിടുകയും അനുരാധയുടെ നെഞ്ചിലും വയറിലുമായി പ്രതി കുത്തികൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് പിന്നാല ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനായി കല്ല് മുറിക്കുന്ന രണ്ട് ഉപകരണങ്ങൾ വാങ്ങി. തുടർന്ന് മൃതദേഹത്തിന്റെ തലവെട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി. കൈകളും കാലുകളും വെട്ടിമാറ്റി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു. ഉടൽ സ്യൂട്ട്‌കേസിനുള്ളിലും സൂക്ഷിച്ചു.
മേയ് 15ന് വെട്ടിമാറ്റിയ തല മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. പ്രതി ഫിനൈയിൽ, ഡെറ്റോൽ, പെർഫ്യൂെം അഗർബത്തി, കർപൂരം, സ്‌പ്രേ എന്നിവ ദിവസവും ശരീരഭാഗങ്ങളിൽ പ്രയോഗിക്കുമായിരുന്നു. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ അനുരാധയുടെ ഫോണിൽ നിന്ന് മെസേജ് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാൾ പിടിയിലാവുന്നത്.