തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശമില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനം എടുക്കും. ഈ രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എങ്ങനെ വേണമെങ്കിലും പ്രവർത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളില്‍ പാലിക്കേണ്ടതായ ചട്ടങ്ങളും രീതികളുമുണ്ട്. അത് പാലിച്ചില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണുമെന്നും മന്ത്രി വ്യക്തമാക്കി.
ഐഎഎസ് തലപ്പത്തെ തുടരുന്ന വാക്പോരുകളും സോഷ്യൽ മീഡിയയിലൂടെയുള്ള ആക്ഷേപത്തിൻ്റെയും പശ്ചാത്തലത്തിലാണ് കെ രാജൻ പ്രതികരിച്ചത്. അതേസമയം ജയതിലകിനെ മനോരോഗി എന്ന് വിളിച്ച എൻ പ്രശാന്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. സസ്പെൻഷൻ അടക്കമുള്ള നടപടിക്കളിലേക്കാണ് സർക്കാർ ഇപ്പോൾ നീങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.