നവീനിനെപ്പറ്റിയും ദിവ്യയെപ്പറ്റിയും പൊതുവിൽ നല്ലഭിപ്രായമാണ്. ദഹിക്കാത്ത ചില വസ്തുതകൾ / ചോദ്യങ്ങൾ എൻ്റെ മുൻപിലുണ്ട്. അതുകൊണ്ട് തൽക്കാലം ഒരുപക്ഷവും പിടിക്കാൻ തയ്യാറല്ലെന്ന ആമുഖത്തോടെയാണ് അഡ്വ. ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്ക് സന്ദേശം തുടങ്ങുന്നത്.
കാസർഗോഡും കണ്ണൂരും ജില്ലകളിൽ കഴിഞ്ഞ 4 വർഷത്തിനിടെ ഏതാണ്ട് 300 കോടി രൂപയുടെ അനധികൃത ഖനനമാണ് നടന്നിട്ടുള്ളത്. ഈ ജില്ലകളിൽ ADM ആയിരുന്നു നവീൻ ബാബു. എക്സ്പ്ലോസീവ്സ് ലൈസൻസ് ദുരുപയോഗിച്ച കേസുകൾ തന്നെ ഇഷ്ടമ്പോലെയുണ്ട്. കണ്ണൂർ ജില്ലയിൽ എക്സ്പ്ലോസീവ്സ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ മാത്രം ലക്ഷങ്ങളോ കോടികളോ അങ്ങോട്ട് ചോദിക്കാതെ തന്നെ കിട്ടുന്ന കാലത്താണ് കണ്ണൂരും കാസറഗോഡും ADM ആയി നവീൻ ജോലി ചെയ്തത്. ക്വാറി അസോസിയേഷൻ ഭാരവാഹിയുടെ വരെ ലൈസൻസ് റദ്ദാക്കുകയാണ് ADM ചെയ്തത്. അഴിമതിക്കാരൻ എന്ന് അവർ പോലും പരാതി പറയാത്ത ആളായിരുന്നു നവീൻ ബാബു. ഇതുവരെയിരുന്ന ADM മാരെപ്പറ്റി ഇത്രനല്ല അഭിപ്രായമില്ല.
കണ്ണൂരെ ജിയോളജിസ്റ്റായ ജഗദീശൻ ലക്ഷങ്ങൾ കൈപ്പറ്റി കോടികളുടെ അനധികൃത ഖനനങ്ങൾക്ക് ഒത്താശ ചെയ്യുന്നയാളാണ്, ഈയിനത്തിനുള്ള സർക്കാരിന്റെ നഷ്ടം കണക്കാക്കാൻ സത്യസന്ധതയുള്ള ഒരു പ്രത്യേക സ്‌ക്വാഡിനെ വെച്ചാൽ മിനിമം 100 കോടിരൂപ ഈ വർഷം ഖജനാവിൽ കിട്ടും എന്നൊക്കെ കണ്ണൂർ കളക്ട്രേറ്റിൽ പരസ്യമായ രഹസ്യമാണ്. (വ്യവസായ വകുപ്പ് ചെറുവിരലനക്കില്ല) കൈക്കൂലി വാങ്ങുമെന്ന് ജനങ്ങൾക്ക് പലവട്ടം പരാതിയുള്ള പല ഉദ്യോഗസ്ഥരും കണ്ണൂരുണ്ട്. ഇതൊന്നും അറിയാത്ത ആളല്ലല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ. അഴിമതിക്കെതിരെയോ കൈക്കൂലിക്ക് എതിരെയോ ഒരിടത്തും ഒരാൾക്കെതിരെയും ഇതുപോലെ നേരിട്ട് പ്രസംഗിച്ചതായി എനിക്കറിവില്ല. (ഇനിയായാലും മതി) സാധാരണയിൽക്കവിഞ്ഞ ഈർഷ്യ ആ പ്രസംഗത്തിലും വരവിലും പോക്കിലും ദിവ്യയിൽ പ്രകടമായിരുന്നു. കാരണം അവ്യക്തമാണ്.
അഴിമതിയെപ്പറ്റി ഗൗരവമായ നിരവധി പരാതികൾ email വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ പലരും അറിയിച്ചിട്ടുണ്ട്. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാലും വിജിലൻസ് അന്വേഷണം തുടങ്ങാറില്ല. പിറ്റേന്ന് തന്നെ വിജിലൻസിന് കൈമാറി അന്വേഷണം തുടങ്ങിയ കേരളചരിത്രത്തിലെ ആദ്യകേസാകും ഒരുപക്ഷെ ഇത്. അപ്പോൾ തന്റെ email പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മിന്നൽ വേഗതയിൽ ആക്ഷനൊക്കെ സാധ്യമാകുന്ന തരം ഇടപെടലിന് ശക്തനാണ് പെട്രോൾ പമ്പുടമ. അതല്ല ദിവ്യ ഇടപെട്ടാണ് മിന്നൽ വേഗത സാധ്യമാക്കിയതെങ്കിൽ ഇക്കാര്യത്തിലുള്ള ഇത്ര വലിയ താല്പര്യമെന്താവും? “2 ദിവസത്തിനകം ആക്ഷൻ” എന്ന് ദിവ്യ പ്രസംഗത്തിൽ പറയുന്നത് തീർച്ചയായും ഇടപെടലിന് ശേഷമാകുമല്ലോ. ഇത്രയ്ക്ക് ശക്തമായ ഇടപെടൽ കണ്ണൂർ നിന്നുള്ള മുൻപേയുള്ള പരാതികളിലും ഉണ്ടോ?
നിയമപരമായി NOC യ്ക്ക് അര്ഹതയുണ്ടെങ്കിൽ, അത് കിട്ടാനായി പിറ്റേന്ന് സ്ഥലം മാറിപ്പോകുമെന്നു ഉറപ്പുള്ള ADM നു തലേന്ന് കൈക്കൂലി കൊടുക്കേണ്ട അത്യാവശ്യമെന്താണ് പ്രശാന്തന്? പിടികിട്ടുന്നില്ല.
അറിഞ്ഞിടത്തോളം ഒരു പെട്രോൾ പമ്പ് തുടങ്ങാൻ ലക്ഷങ്ങൾ പോരാ കോടികൾ വേണം. സർക്കാർ ജീവനക്കാർക്ക് പമ്പ് കിട്ടില്ല. പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഇലക്ട്രീഷ്യന് ഒരു പെട്രോൾ പമ്പിനുള്ള ലൈസൻസ് കിട്ടുമോ? അതിനു മുടക്കാനുള്ള കാശുണ്ടാകുമോ?
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് NOC കൾക്ക് സാധാരണ ADM മാർ എത്ര സമയമാണ് ശരാശരി എടുക്കുക? ഇതിൽ പ്രത്യേക വൈകൽ ഉണ്ടായിട്ടുണ്ടോ?
ഇതിനൊക്കെ ഉത്തരം കിട്ടാനുള്ള ശ്രമമാണ് അത് കഴിഞ്ഞേ പ്രസംഗത്തെ വിലയിരുത്താൻ പറ്റൂ.
ഇതൊന്നും അറിയാതെയും എടുത്തുചാടി പറയാൻ പറ്റുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ആത്മാഭിമാനത്തിനു ജീവനേക്കാൾ വില കൽപ്പിക്കുന്ന മനുഷ്യരുണ്ട്. ഒരുരാത്രി മുഴുവൻ ഇട്ട ഡ്രസ്സിൽ മുറിയിലിരുന്ന് രാവിലെ ചെയ്ത ആത്മഹത്യയാണ് സത്യസന്ധതയ്ക്കുള്ള അയാളുടെ സാക്ഷ്യം. രണ്ട്, അഴിമതിക്കെതിരെ തെളിവുണ്ടെങ്കിൽ ജനപ്രതിനിധികളുടെ ആക്ഷൻ വേണ്ടത് വാക്കിലല്ല പ്രവർത്തിയിലാണ്. ആത്മഹത്യ ഭയന്ന് ഒരു കേസിലും നിയമനടപടി വൈകിക്കരുത്. പ്രസംഗത്തിന്റെ പേരിൽ ദിവ്യയ്ക്ക് എതിരെ പ്രേരണാക്കുറ്റം ക്രിമിനൽ കേസെടുക്കണം എന്നൊക്കെ പറയുന്നത് നിയമത്തിന്റെ ABCD അറിയാത്തവർ. ഒരു കേസും എടുക്കരുത്. Sensitivity വേണമെന്ന് പറയാം.
അഡ്വ .ഹരീഷ് വാസുദേവഹരീഷ് വാസുദേവൻ