പ്രതിവര്‍ഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ ‘ഐ.ഐ.ടി. ബാബ’യെ ഗുരു തന്നെ തള്ളി പറഞ്ഞിരിക്കുന്നു. ഹരിയാണ സ്വദേശിയായ അഭയ് സിങ് ആണ് കാനഡയിലെ ജോലി ഉപേക്ഷിച്ച് സന്യാസിയായതും ഇത്തവണത്തെ കുംഭമേളയിൽ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായതും. എന്നാല്‍, അദ്ദേഹത്തെ കുംഭമേളയിലെ അഖാരയില്‍നിന്ന് പുറത്താക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
അഭയ് സിങ് ഭാഗമായിരുന്ന ജുന അഖാര ക്യാമ്പില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ക്യാമ്പിലേക്കോ ക്യാമ്പിന്റെ പരിസരത്തേക്കോ പോലും വരുന്നതില്‍ നിന്ന് അഭയ് സിങ്ങിനെ വിലക്കിയിരിക്കുകയാണ്. തന്റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ തെറിവിളിച്ചതിനാണ് ഇദ്ദേഹത്തെ അഖാരയില്‍നിന്ന് പുറത്താക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
‘അയാള്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞുനടക്കുന്നയാള്‍ മാത്രമാണ്. അയാള്‍ വായില്‍ തോന്നിയതെല്ലാം ടി.വിയില്‍ പറയും. അയാള്‍ ആരുടേയും ശിഷ്യനായിരുന്നില്ല. അയാളെ ഞങ്ങള്‍ പുറത്താക്കി’, ജുന അഖാരയിലെ ഒരംഗം എന്‍.ഡി.ടി.വിയോട് പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ ‘ഐ.ഐ.ടി. ബാബ’ നിഷേധിച്ചു. അഖാരയിലെ സന്യാസിമാര്‍ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്ന് അഭയ് സിങ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. ‘ഞാന്‍ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവര്‍ കരുതുന്നത്. അതിനാലാണ് ഞാന്‍ രഹസ്യധ്യാനത്തിന് പോയെന്ന് അവര്‍ പറഞ്ഞുനടക്കുന്നത്. അവര്‍ അസംബന്ധം പറയുകയാണ്’, ഇന്‍സ്റ്റഗ്രാമില്‍ ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഐ.ഐ.ടി. ബാബ പറഞ്ഞു.
ബോംബെ ഐ.ഐ.ടിയില്‍നിന്ന് എയ്റോസ്പേസ് എന്‍ജിനീയറിങ്ങിലും ഡിസൈന്‍ ആന്‍ഡ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സിലും ബിരുദാനന്തര ബിരുദം നേടിയ ആളാണ് എഞ്ചിനീയര്‍ ബാബ എന്നും അറിയപ്പെടുന്ന അഭയ് സിങ്. 2015-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ കമ്പനികളില്‍ ജോലിചെയ്തു. ബോംബെ ഷേവിങ് കമ്പനിയുടെ പ്രൊജക്ട് മാനേജറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് 2019-ല്‍ അഭയ് കാനഡയിലേക്ക് പോയി. കനേഡിയന്‍ ടൈര്‍ എന്ന കമ്പനിയില്‍ യു.ഐ. ഡിസൈനറായി. അവിടെ പ്രതിമാസം മൂന്ന് ലക്ഷം രൂപയായിരുന്നു അഭയ് സിങ്ങിന്റെ ശമ്പളം. അതായത് പ്രതിവര്‍ഷം 36 ലക്ഷം രൂപ.
കാനഡയില്‍ ജോലിചെയ്യുന്നതിനിടെയാണ് ആത്മീയതയാണ് തന്റെ വഴിയെന്ന തോന്നലുണ്ടായതെന്ന് അഭയ് സിങ് പറയുന്നു. പിന്നാലെ ജോലിയുപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. കുടുംബത്തോട് പോലും അകന്നു. മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു. കാഷായവേഷം ധരിച്ചു. ജീവിതത്തിന്റെ അര്‍ഥമെന്താണ് എന്ന് സ്വയം ചോദിച്ചുതുടങ്ങിയതിനു ശേഷമാണ് സന്യാസം സ്വീകരിച്ചത് എന്നാണ് അഭയ് സിങ് പറയുന്നത്.