ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി.

ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂ‍ഡൽഹി: ഗോതമ്പ് കയറ്റുമതി വിലക്കി ഇന്ത്യ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. വിലക്ക് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു. മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം.

വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍പ്പക്കത്തെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തെത്തിയ ഡി.ജി.എഫ്.ടി. വിജ്ഞാപനത്തില്‍ പറയുന്നു.

ധാന്യവില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ. ഒന്നാമത് ചൈനയും. മാർച്ചിലെ കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു. മാത്രമല്ല, നാണ്യപ്പെരുപ്പം 7.79 ശതമാനമായി ഉയരുകയും ചെയ്തു.