ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ഇന്ത്യ. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ തിലക് വർമയുടെ തകർപ്പൻ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
55 പന്തിൽ അഞ്ചു സിസ്കും നാലു ഫോറുമുൾപ്പെടെ 72 റൺസെടുത്ത തിലക് വർമയുടെ ഒറ്റയാൾ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
19 പന്തിൽ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് തിലകിന് കൂട്ടായി അൽപമെങ്കിലും പിടിച്ച് നിന്നത്.
166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തകർത്താടിയ അഭിഷേക് ശർമ 12 റൺസെടുത്ത് മാർക്ക് വുഡിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി. അഞ്ച് റൺസെടുത്ത മലയാളി താരം സഞ്ജു സാസൺ ജോഫ്ര ആർച്ചറിന്റെ പന്തിൽ ബ്രൈഡൻ കാർസ് പിടിച്ചാണ് പുറത്തായത്. തുടർന്ന ക്രീസിലെത്തിയ നായകൻ സൂര്യകുമാർ യാദവ് 12 റൺസെടുത്ത് പുറത്തായി.
നാല് റൺസെടുത്ത് ധ്രുവ് ജുറേലും ഏഴ് റൺസെടുത്ത് ഹാർദിക് പാണ്ഡ്യയും വീണതോടെ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലായി. വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് തിലക് വർമ സ്കോർ ഉയർത്തി. സ്കോർ 116 നിൽക്കെ 26 റൺസെടുത്ത് സുന്ദറിനെ നഷ്ടമായി. രണ്ടു റൺസെടുത്ത് അക്സർ പട്ടേലും ആറ് റൺസെടുത്ത് അർഷ്ദീപ് സിങ്ങും പുറത്തായി. എന്നാൽ രവി ബിഷ്ണോയി (9*) കൂട്ടുനിർത്തി തിലക് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.
നേരത്തെ, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 45 റൺസെടുത്ത നായകൻ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നിലയുറപ്പിക്കും മുൻപ് ഓപണർ ഫിൽ സാൾട്ടിനെ (4) പുറത്താക്കി അർഷ്ദീപ് സിങ്ങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചു. ബെൻ ഡെക്കറ്റിനെ (3) പുറത്താക്കി വാഷിങ്ടൺ സുന്ദറും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. മൂന്നാമനായെത്തിയ നായകൻ ജോസ് ബട്ട്ലർ സ്വതസിദ്ധമായ ശൈലിയിൽ കളം നിറഞ്ഞതോടെ സ്കോർ ഉയർന്നു. ടീം സ്കോർ 59 ൽ നിൽക്കെ 13 റൺസെടുത്ത ഹാരി ബ്രൂക്കിനെ നഷ്ടമായി. വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു.
30 പന്തിൽ മൂന്ന് സിക്സും രണ്ടു ഫോറുമുൾപ്പെടെ 45 റൺസെടുത്ത ബട്ട്ലറിനെ അക്സർ തിലക് വർമയുടെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും അപകടം മണത്തു. ലിയാം ലിവിങ്സ്റ്റണെ (13) മടക്കി അക്സർ പട്ടേൽ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി. 22 റൺസെടുത്ത് ജാമി സ്മിത്തിനെ അഭിഷേക് ശർമയും അഞ്ച് റൺസെടുത്ത ജാമീ ഓവർടനെ വരുൺ ചക്രവർത്തിയും പുറത്താക്കി. 17 പന്തിൽ 31 റൺസെടുത്ത ബ്രൈഡൻ കാർസ് റണ്ണൗട്ടായി. 10 റൺസെുടുത്ത ആദിൽ റാഷിദ് ഹാർദിക് പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി. 12 റൺസെടുത്ത ജോഫ്ര ആർചറും അഞ്ച് റൺസെടുത്ത മാർക്ക് വുഡും പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി അക്സർ പട്ടലേും വരുൺ ചക്രവർത്തിയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. രണ്ടുമാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് മത്സരത്തിനിറങ്ങിയത്. ആദ്യ ട്വന്റിയിൽ ടീമിലുണ്ടായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെയും റിങ്കു സിങ്ങിനെയും പുറത്തിരുത്തി വാഷിങ്ടൺ സുന്ദറിനേയും ദ്രുവ് ജുറേലിനേയും ടീമിലെത്തിച്ചു.