കോവിഡ് പടരുന്നതിന്‍റെ പ്രധാന കാരണം മുതിർന്നവർ, പുതിയ പഠനം

വൈറസിനെക്കുറിച്ചുള്ള പുതിയൊരു പഠനം പറയുന്നത് പൊതുസ്ഥലങ്ങളില്‍ മുതിര്‍ന്നവരില്‍ നിന്ന് കൂടുതല്‍ അകന്നുനില്‍ക്കണമെന്നാണ്

കോവിഡ് പടരുന്നതിന്‍റെ പ്രധാന കാരണം മുതിർന്നവർ, പുതിയ പഠനം

ലോകത്തിന്റെ പല ഭാഗത്തും കൊറോണവൈറസിനെതിരെയുള്ള വാക്‌സിനേഷനുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ചിലയിടങ്ങളില്‍ ഇന്നും കോവിഡ് അണുബാധയുടെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഈ പകര്‍ച്ചവ്യാധി എപ്പോള്‍ അവസാനിക്കുമെന്നും ജീവിതം എപ്പോള്‍ സാധാരണ നിലയിലാകുമെന്നും പറയാന്‍ ഇനിയും സമയമായിട്ടില്ല. എല്ലാ ദിവസവും പുതിയ പുതിയ അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനാല്‍ സുരക്ഷിതമായി തുടരാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടന്നത് പ്രധാനമാണ്. വൈറസിനെക്കുറിച്ചുള്ള പുതിയൊരു പഠനം പറയുന്നത് പൊതുസ്ഥലങ്ങളില്‍ മുതിര്‍ന്നവരില്‍ നിന്ന് കൂടുതല്‍ അകന്നുനില്‍ക്കണമെന്നാണ്.

പകര്‍ച്ചവ്യാധി പടര്‍ത്തുന്നതിന് മുഖ്യപങ്ക് വഹിക്കുന്നത് മുതിര്‍ന്നവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെ 10 ദശലക്ഷത്തിലധികം വ്യക്തികളില്‍ നിന്നുള്ള സെല്‍ ഫോണ്‍ ഡാറ്റ ഉപയോഗിച്ച് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് നിരീക്ഷിച്ചത്. 20 നും 49 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരാണ് വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്ക് കാരണമായതെന്ന് കണ്ടെത്തലുകള്‍ പറയുന്നു. 100-ല്‍ 65 ഓളം അണുബാധകള്‍ ഈ പ്രായത്തിലുള്ളവരില്‍ നിന്നാണ് ഉത്ഭവിച്ചത്. അതേസമയം കുട്ടികളില്‍നിന്നും കൗമാരക്കാരില്‍നിന്നും വൈറസ് പടരുന്നത് വളരെ കുറവാണ്.