സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നതിനു പിന്നാലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ്  സ്ഥിരീകരിച്ചു

സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നതിനു പിന്നാലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ്  സ്ഥിരീകരിച്ചു

വിശാഖപട്ടണം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്നിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ  829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കോവിഡ്  സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.അധ്യാപകരിലും വിദ്യാർത്ഥികളിലും കോവിഡ് വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

 ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.  സ്കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കോവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

മിക്ക കോവിഡ് കേസുകളും   ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ല. കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും  സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ  ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.സംസ്ഥാനത്തൊട്ടാകെയുള്ള പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.