ഇന്ത്യൻ പൗരന്മാർക്ക് യാത്ര വിലക്കുമായി അമേരിക്ക;ചൊവ്വാഴ്ച മുതൽ പ്രവേശനമില്ല

അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല

ഇന്ത്യൻ പൗരന്മാർക്ക് യാത്ര വിലക്കുമായി അമേരിക്ക;ചൊവ്വാഴ്ച മുതൽ പ്രവേശനമില്ല

വാഷിങ്ടന്‍∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി യുഎസ്. മേയ് നാലു മുതലാണ് വിലക്ക്.അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. താല്ക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും. എയർലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇന്ത്യയിലെ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോ​ഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിർണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി

ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുകെ, അയർലൻഡ്, ചൈന, ഇറാൻ തുടങ്ങി കോവിഡ് കൂടുതലായ മറ്റു ചില രാജ്യങ്ങൾക്കും യുഎസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.