അതിർത്തിയിൽ സന്നാഹം ശക്തമാക്കി ഇന്ത്യ 

അതിർത്തിയിൽ സന്നാഹം ശക്തമാക്കി ഇന്ത്യ 

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തിൽ ഇന്ത്യയും തുല്യരീതിയിൽ ഒരുങ്ങുന്നു. തോളിൽ വച്ചു വിക്ഷേപിക്കാവുന്ന മിസൈലുകൾ അടക്കം സന്നാഹങ്ങളുമായി കിഴക്കൻ ലഡാക്കിലെ അതിർത്തികളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചു. സാധാരണ സെപ്റ്റംബർ പകുതിയോടെ തണുപ്പു മൂലം ഇരുപക്ഷവും ഈ ഭാഗത്തു നിന്നു പിന്മാറാറുണ്ട്. എന്നാൽ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും. ജൂണിൽ ഗാൽവനിലെ സംഘർഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണു റിപ്പോർട്ടുകൾ.

20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ ആക്രമണം നടന്ന ഗാൽവനിൽ നിന്ന് പിന്മാറിയെങ്കിലും പാംഗ്‌ഗോങ് മലനിരകളിലും ഡെപ്സാങിലും ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യയുടെ അതിർത്തിയിൽ 8 കിലോമീറ്ററോളം ചൈന കടന്നു കയറിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ അതിർത്തി ലംഘിക്കപ്പെട്ടിട്ടില്ല എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി.

വ്യോമസേന മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വർ, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കി. സൈനികരെ എത്തിക്കാൻ അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും സജ്ജം. 2 മുതൽ 5 കിലോമീറ്റർ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്.