കോവിഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റു പല ആരോഗ്യപ്രശ്നങ്ങളും വിടാതെ പിന്തുടരുന്നതായി അനുഭവം ഉള്ളവരുണ്ട്. ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു.
മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഡിമെൻഷ്യ രോഗസാധ്യത വർധിപ്പിക്കുന്നതിലും കോവിഡിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഡിമെൻഷ്യയും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചത്. ബി.ഐ.എന്നിൽ (Bangur Institute of Neurosciences) നിന്നുള്ള ന്യൂറോമെഡിസിൻ ഡിപ്പാർട്മെന്റിലെ ഗവേഷകരാണ് പഠനം നടത്തിയത്. കോവിഡ് വന്നുപോയവരിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടെന്ന പഠനങ്ങൾക്ക് പുറകെയാണ് ഓർമശേഷിയെയും ഇത് ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. FADE-IN MEMORY എന്ന പദമാണ് ഇതിനായി ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്.
ക്ഷീണം, ശ്രദ്ധക്കുറവ്, വിഷാദം, പ്രവർത്തനക്ഷമമല്ലായ്ക, ഓർമപ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ അവസ്ഥയിലുള്ളത്. നേരത്തെ ഡിമെൻഷ്യ രോഗം ഉള്ള പതിനാല് രോഗികളുടെ ഡേറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ കോവിഡിനുശേഷം സ്ഥിതി വീണ്ടും വഷളാവുകയാണ് ഉണ്ടായതെന്ന് സംഘം കണ്ടെത്തി. അൽഷൈമേഴ്സ്, വാസ്കുലർ ഡിമെൻഷ്യ, പാർക്കിൻസൺസ് തുടങ്ങിയ രോഗാവസ്ഥയിൽ ഉള്ളവരിൽ കോവിഡ് ബാധിച്ചതിനുശേഷം മറവിരോഗം ദ്രുതഗതിയിൽ പുരോഗമിച്ചു എന്നാണ് കണ്ടെത്തൽ.
അൽഷൈമേഴ്സ് ഡിസീസ് റിപ്പോർട്ട്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻകാലഡിമെൻഷ്യ ചരിത്രം ഇല്ലാത്ത, എന്നാൽ കോവിഡ് ബാധിച്ച ചില രോഗികളിൽ പിൽക്കാലത്ത് മസ്തിഷ്കത്തിൽ ഡിമെൻഷ്യക്ക് സമാനമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഗവേഷകർ കണ്ടെത്തി.
വയോധികരുടെയും ഡിമെൻഷ്യ ബാധിതരുടെയും എണ്ണം ആഗോളതലത്തിൽ തന്നെ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിനു പിന്നാലെയുണ്ടാകുന്ന ഓർമപ്രശ്നങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരം പ്രശ്നങ്ങളെ മറ്റു ഡിമെൻഷ്യകളിൽ നിന്ന് വ്യത്യസ്തമായി സമീപിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.