സാഹചര്യം അതീവ ഗുരുതരം,എന്‍റെ വഴിയാണ് ശരിയെന്ന നിലപാട് മാറ്റണം; യുപി സർക്കാരിനെതിരെ  ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി

കൊവിഡ് അതിരൂക്ഷമായ സംസ്ഥാനത്തെ 9 ജില്ലകളിൽ നിന്നുള്ള സ്ഥിതഗതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു

സാഹചര്യം അതീവ ഗുരുതരം,എന്‍റെ വഴിയാണ് ശരിയെന്ന നിലപാട് മാറ്റണം; യുപി സർക്കാരിനെതിരെ  ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി

ലഖ്നൗ; ഉത്തർപ്രദേശിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു. കൊവിഡ് അതിരൂക്ഷമായ സംസ്ഥാനത്തെ 9 ജില്ലകളിൽ നിന്നുള്ള സ്ഥിതഗതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.സർക്കാരിനെതിരേയും കോടതി ആഞ്ഞടിച്ചു. എന്റെ വഴിയാണ് ശരി, അല്ലാത്തതെല്ലാം തെറ്റാണെന്ന ചിന്താഗതി അധികാരത്തിലിരിക്കുന്നവർ അവസാനിപ്പിക്കണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും കോടതി പറഞ്ഞു.

കൊറോണയുടെ പ്രേതം സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡുകളിലും തെരുവുകളിലും സഞ്ചരിക്കുകയാണ്, ഇത് ആരുടെയും വിധി ആകാം,കോടതി പറഞ്ഞു .വിഭവങ്ങളുള്ളവർ അതിജീവിക്കുമെന്നും ബാക്കിയുള്ളവർ മരിച്ചേക്കുമെന്നും കോടതി പറഞ്ഞു

ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, കാന്‍പൂര്‍ നഗര്‍, അഗ്ര, ഗൊരഖ്പൂര്‍, ഗാസിയബാദ്, ഗൗതം ബുദ്ധ് നഗര്‍, ഝാന്‍സി എന്നീ ജില്ലകളിലാണ് നോഡൽ ഓഫീസർമാരെ കോടതി നിയോഗിച്ചത്. ആശുപത്രികളിലെ ഓരോ മരണവും കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിരിക്കുന്ന സൗകര്യങ്ങളും നോഡൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ചിലയിടങ്ങളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നത് സംബന്ധിച്ച് മെയ് 3 ന് റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മതിയായ സുരക്ഷകൾ ഉറപ്പാക്കണമെന്നും വീഴ്ചവരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.